പാലക്കാട്: ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് 15 ലക്ഷം രൂപ ആവശ്യപ്പെട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. കഞ്ചിക്കോട് കെ.ടി.സി ജംക്ഷനിലെ ബിനുവിനെയാണ് (47) ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മെയ് 28 ന് കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന വാഹന വ്യാപാരിയായ ബിനുവിനെ കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയും 15 ലക്ഷം രൂപ മോചന ദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തുവെന്ന് ബിനു പരാതിപ്പെട്ടു. മെയ് 30 ന് തടവറയില്‍ നിന്ന് രക്ഷപ്പെട്ട ബിനു അതിനുശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.
ആക്രമണത്തില്‍ കൈക്കും കാല്‍മുട്ടിനും മുതുകിനും പരിക്കേറ്റ ബിനു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ലോട്ടറി അടിച്ച വിവരം അറിഞ്ഞെന്നും അതില്‍ നിന്ന് 15 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്ന് ബിനു പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള അഞ്ചു വാഹനങ്ങള്‍ ബന്ധുക്കളിലൊരാളുടെ പേരിലേക്കു മാറ്റിനല്‍കണമെന്നും അക്രമികള്‍ ആവശ്യപ്പെട്ടതായി ബിനു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.







