ഒന്നര വയസ്സുകാരന്റെ മരണം; അറസ്റ്റിലായ അഷ്‌കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ഭാര്യയുടെ മാതാവ്

തിരുവനന്തപുരം: ഒന്നര വയസ്സുകാരന്റെ മരണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത അഷ്‌കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ഭാര്യയുടെ മാതാവ് ഷജില ബീവി. ആമിനയെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് പണത്തിനും സ്വര്‍ണത്തിനുമായി മകളെ ക്രൂരമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് ഷജില ബീവി ആരോപിച്ചു.

ആമിനയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചു. ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു. അഷ്‌കറിന്റെ അമ്മയും സഹോദരിയും മര്‍ദ്ദനത്തിന് കൂട്ട് നിന്നു. മകളുടെ നിലവിളി കേട്ട നാട്ടുകാരാണ് തങ്ങളെ വിവരം അറിയിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് തലയോട്ടി തകര്‍ന്ന ആമിന കിടപ്പ് രോഗിയായി. ഒരു വര്‍ഷമായി ബോധമില്ലായിരുന്നു. അടുത്തിടെയാണ് ചെറുതായി ഓര്‍മശക്തി തിരിച്ചു കിട്ടിയത്. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മാതാവ് പറഞ്ഞു. ഒന്നരവയസ്സുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അഷ്‌കര്‍ അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. പരാതിയുമായി ആറുതവണ തങ്ങള്‍ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്ന് ഷജില ബീവി ആരോപിച്ചു.

തന്റെ ഇളയമകന്റെ മരണത്തിലും അഷ്‌കറിന് പങ്കുണ്ടെന്ന് ഷജില പറഞ്ഞു. മകനെ കൊല്ലുമെന്ന് പല തവണ അഷ്‌കര്‍ ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ ദുരൂഹസാഹചര്യത്തില്‍ മകനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആമിനയുമായുള്ള ബന്ധം വേര്‍പെടുത്താതെയാണ് അഷ്‌കര്‍ അഖിലയുമായി അടുക്കുന്നത്. അഖിലയുടെ ഒന്നര വയസ്സുകാരനായ മകന്‍ അര്‍ഷിദിനെ കൊലപ്പെടുത്തിയത് ചോറു കൊടുക്കുമ്പോള്‍ കരഞ്ഞതു കൊണ്ടാണെന്നാണ് അഷ്‌കറിന്റെ മൊഴി.

ഒരു മാസം മുന്‍പാണ് കുട്ടിയുമൊത്ത് അഖില, അഷ്‌കറിനൊപ്പം പനവൂര്‍ കരിക്കുഴിയിലെ വാടകവീട്ടില്‍ താമസം തുടങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ്, അഖില മൂന്നു മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവ് എസ്.അഖില്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് അഖില, ഡ്രൈവറായ അഷ്‌കറിനൊപ്പം താമസം തുടങ്ങി. പിന്നീട് കുട്ടിയെയും ഒപ്പം കൂട്ടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page