തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തെ കുറിച്ച് സിബിഐ അന്വേഷണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചതായി സൂചന. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം നല്‍കിയിരുന്നു. റാന്നി എം.എല്‍.എ പഴകുളം മധുവും കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയാണ് ഏക പ്രതി.
സി.പി.എം അനുഭാവിയായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബം നിരന്തരം പിണറായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടി പോകാനിരിക്കെയാണ് കൈക്കൂലി ആരോപണം ഉയരുന്നതും അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നതും. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് നേരത്തെ വി.ഡി സതീശന്‍ കുടുംബത്തിന് ഉറപ്പുനല്‍കിയിരുന്നു.







