ഹെല്‍മറ്റും റെയിന്‍കോട്ടും ധരിച്ച് മോഷണം; നിരവധി ക്ഷേത്ര കവര്‍ച്ചാ കേസുകളിലെ പ്രതി പിടിയില്‍

കോഴിക്കോട്: നിരവധി ക്ഷേത്ര കവര്‍ച്ചാ കേസുകളില്‍ മുങ്ങി നടന്ന പ്രതിയെ പൊലീസ് പിടികൂടി. കോഴിക്കോട് പൂവാട്ടുപറമ്പ് മുണ്ടക്കലിലെ ആലോറമീത്തല്‍ നടുക്കണ്ടി പുറായില്‍ റിയാസ്(41) ആണ് പിടിയിലായത്. മാവൂര്‍ ചെറൂപ്പയിലെ ഇടിക്കോട്ട് അയ്യപ്പന്‍കാവില്‍ കവര്‍ച്ച നടത്തിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സമാന രീതിയില്‍ ഇയാള്‍ നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയതായി പൊലീസ് പറഞ്ഞു.

രാത്രിയാകുമ്പോള്‍ ബൈക്കുമെടുത്ത് ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ച് മോഷണത്തിനിറങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. റോഡരികില്‍ കാണുന്ന ക്ഷേത്രങ്ങളില്‍ കയറി ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്താണ് മോഷണം. ഇത്തരത്തില്‍ മാവൂര്‍, കുന്ദമംഗലം, പന്തീരാങ്കാവ്, എലത്തൂര്‍, ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ നിരവധി ക്ഷേത്രങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.

മെയ് 26ന് രാത്രി ഇടിക്കോട്ട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്തെങ്കിലും പണം എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് റോഡരികിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണവുമായി സ്ഥലംവിട്ടു. ഇതുസംബന്ധിച്ച് ക്ഷേത്രം കമ്മിറ്റി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

മാവൂര്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് റഫീഖ്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ വി.എം രമേശ്, ശിവാനന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രമോദ്, രജീഷ്, കൃഷ്ണന്‍കുട്ടി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപക്, വിനീത്, ശ്രീജിത്ത്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് റിയാസിനെ പിടികൂടിയത്. കോടതി പ്രതിയെ റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page