മദ്യലഹരിയില്‍ പൊലീസിന് നേരെ അക്രമം; അഞ്ചു യുവാക്കള്‍ കസ്റ്റഡിയില്‍

കൊച്ചി: മദ്യലഹരിയില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ചു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെന്‍മാറ സ്വദേശി ഷംസുദ്ദീന്‍, തിരുവനന്തപുരം സ്വദേശികളായ അല്‍ത്താഫ്, അജ്മല്‍, കൊല്ലം സ്വദേശി ജിനീഷ്, വയനാട് സ്വദേശി അക്ഷയ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇടപ്പളളിയിലെ മാളില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നവരാണ് കസ്റ്റഡിയിലായ അഞ്ചു പേരുമെന്ന് പൊലീസ് പറഞ്ഞു.

ഇടപ്പളളിയ്ക്കടുത്ത് മരോട്ടിച്ചോട് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. പ്രതികള്‍ക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തില്‍ കൈവിരലിന് പരിക്കേറ്റ സിറ്റി ട്രാഫിക് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആശുപത്രിയിലെത്തി ചികില്‍സ തേടി.

നൈറ്റ് പട്രോളിംഗിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. മാളില്‍ ഉണ്ടായ തൊഴില്‍ പ്രശ്‌നത്തില്‍ പരാതിപ്പെട്ടിട്ടും പൊലീസ് ഇടപെട്ടില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥരോട് യുവാക്കള്‍ തട്ടിക്കയറുകയായിരുന്നു. പിന്നാലെ യുവാക്കള്‍ കല്ലേറ് നടത്തിയെന്നും കൂടുതല്‍ സേനയെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലായവരെ വൈദ്യപരിശോധനയ്ക്ക് പൊലീസ് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page