മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണവുമായി 73കാരി. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിനി പാര്‍വതിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കാല് വേദനയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ പാര്‍വതിയുടെ കാലിലെ ഞരമ്പ് ശസ്ത്രക്രിയയ്ക്കിടെ മുറിഞ്ഞെന്നാണ് പരാതി.
ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായ പാര്‍വതിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് രക്തകുഴലിലെ ഒന്നിലേറെ ഞരമ്പുകള്‍ മുറിഞ്ഞതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കാലിലേക്കുള്ള രക്തയോട്ടം നിലച്ചതായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അറിയിച്ചതായി കുടുംബം പറഞ്ഞു. സംഭവത്തില്‍ കുടുംബം ഡിഎംഒക്ക് പരാതി നല്‍കി. മെയ് 12നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പാര്‍വതി ശസ്ത്രക്രിയക്ക് വിധേയമായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡി.എ.ഒ പറഞ്ഞു.







