കാസര്‍കോട്: ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍. ഡോക്ടര്‍ ഇല്ലാത്തതിനാല്‍ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഞായറാഴ്ച അടച്ചുപൂട്ടി. ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകില്ലെന്ന് നോട്ടീസ് പതിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ഉണ്ടായിരുന്ന മൂന്ന് ഡോക്ടര്‍മാരും അവധിയില്‍ പ്രവേശിച്ചതോടെയാണ് കുടുംബാരോഗ്യ കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചത്. പനത്തടി ഗ്രാമപഞ്ചായത്തിലേയും, അതിര്‍ത്തി പഞ്ചായത്തായ കര്‍ണാടകത്തിലെ കരിക്കെ പഞ്ചായത്തിലേയും നൂറുകണക്കിന് രോഗികളെ ബുദ്ധിമുട്ടിലാക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. കുടുംബാരോഗ്യ കേന്ദ്രത്തിന് ചുറ്റുമുള്ള
32 ഉന്നതികളിലുള്ളവരടക്കം മൂന്നൂറോളം പേര്‍ ദിവസേന ആശുപത്രിയിലെത്തുന്നുണ്ട്. കിടപ്പുരോഗികളായ മുന്നൂറോളം പേരും എന്‍ഡോസള്‍ഫാന്‍ ദുരിതബാതിതരായ 50 ഓളം പേരും ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. ജില്ലയില്‍ മഴക്കാല വൈറല്‍ പനിയടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജനങ്ങളോട് കടുത്ത ക്രൂരത ചെയ്യുന്നത്. പ്രദേശത്തുള്ളവര്‍ക്ക് ഇനി ആശ്രയിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ ആശുപത്രി 22 കിലോമീറ്റര്‍ അകലെയുള്ള പൂടംകല്ല് സാമൂഹിക ആരോഗ്യ കേന്ദ്രമാണ്. പൂടംകല്ലില്‍ രാത്രി എട്ടുമണിക്ക് ശേഷം സേവനമില്ല. ഇവിടെ മൂന്നു ഡോക്ടര്‍ ഉച്ചവരെ സേവനം ചെയ്യുന്നുണ്ട്. അഡൂര്‍, ബെള്ളൂര്‍, കാറഡുക്ക സിഎച്ച്‌സികളില്‍ ഡോക്ടര്‍മാരില്ല. ബന്തടുക്കയില്‍ ഒരു ഡോക്ടറുടെ സേവനം ഉച്ചവരെ ലഭിക്കുന്നുണ്ട്. പാണത്തൂര്‍ സിഎച്ച്‌സി അടച്ചിട്ടതില്‍ പ്രതിഷേധിച്ച് ബിജെപി തിങ്കളാഴ്ച ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും.







