തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ രണ്ടു വസതിയിലടക്കം 12 ഇടങ്ങളിലായി എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍. മൂന്നുദിവസത്തെ മൗനത്തിനുശേഷമാണ് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവകാശമുള്ളതുപോലെ എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമെന്നും ഒളിച്ചോടുന്ന ആളല്ല താനല്ലെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്ന ആരോപണത്തെയും മുഖ്യമന്ത്രി പരിഹസിച്ച് തള്ളി.
ആദ്യമായി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ പിണറായിയുടെ വീട് റെയ്ഡ് ചെയ്യണം എന്ന് പറയുമോ എന്നായിരുന്നു പരിഹാസം. തമാശ പറയുകയാണ് സിപിഎം നേതാക്കള്‍. അക്രമം നടക്കുമ്പോള്‍ പൊലീസ് എടുത്ത നിലപാടാണ് ശരി. അക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇഡി റെയ്ഡിനെ കുറിച്ച് 12 തവണ ചോദ്യം ചോദിച്ചിട്ടും മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി, വി.ഡി സതീശന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പഠിക്കുകയാണോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകുടെ ചോദ്യം. എല്ലായിടത്തും വെച്ച് തന്നെ ചോദ്യം ചെയ്തു. ഇതിനിടെ മുഖത്ത് മൈക്ക് വന്ന് അടിക്കുകയും ചെയ്തു. താന്‍ ഒളിച്ചോടുന്ന ആളല്ല. മറുപടി എപ്പോള്‍ പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസ് ആണിത്, സംസ്ഥാന സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവും ഇല്ല. ഇഡി റെയ്ഡ് നടത്തുന്നത് സംബന്ധിച്ച് പൊലീസിനെ അറിയിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നു വിഡി സതീശന്‍ പറഞ്ഞു.
നാല് കൊല്ലം മുന്‍പുണ്ടായ കേസാണ്. ഇഡി ആ സമയത്ത് ഒന്നും ചെയ്തില്ല. അതില്‍ പരാതിപ്പെട്ടവരാണ് യുഡിഎഫ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ കുറ്റം പറയുകയാണ് ചെയ്തത്. രാഷ്ട്രീയ പ്രേരിതമായത് കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ ഇഡി അന്വേഷണം നടന്നപ്പോള്‍ അതിനെ പ്രതിരോധിച്ച നേതാവാണ് അദ്ദേഹം. 55 മണിക്കൂറാണ് ഇഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും മാസപ്പടി കേസില്‍ അന്വേഷണം തടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.







