ഡോക്ടറുടെ വീട്ടിലെ 10 പവന്‍ കവർച്ച: സ്വർണ്ണാഭരണങ്ങൾ തിരികെ വീട്ടു വരാന്തയിൽ വച്ച് മാപ്പ് അപേക്ഷിച്ചിട്ടും രക്ഷയായില്ല; മോഷ്ടാവ് അറസ്റ്റിൽ

ഗുരുവായൂര്‍: ഡോക്ടറുടെ വീട്ടില്‍ നിന്ന് 10 പവന്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. തൃശൂര്‍ കുന്നംകുളം കല്ലഴിക്കുന്ന് പുത്തന്‍പുരക്കല്‍ ഉണ്ണിക്കൃഷ്ണന്‍(36) ആണ് പിടിയിലായത്. അരിയന്നൂര്‍ മൈത്രി ഓഡിറ്റോറിയത്തിനു സമീപത്തെ പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിലാണ് ഇയാള്‍ മോഷണം നടത്തിയത്. കഴിഞ്ഞമാസം എട്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

അറസ്റ്റിലായ പ്രതി മുന്‍പും മോഷണം അടക്കമുള്ള കേസുകളില്‍ പ്രതിയായിരുന്നുവെന്നും ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ നാലു വര്‍ഷത്തോളം ഗുരുവായൂര്‍ ദേവസ്വത്തില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു. കുഞ്ഞുമുഹമ്മദിന്റെ മകള്‍ ഡോ. ബുഷറയും ഭര്‍ത്താവ് ഡോ. അബൂബക്കര്‍ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറിയോടു ചേര്‍ന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയില്‍ നിന്നാണ് സ്വര്‍ണം മോഷ്ടിച്ചത്. ബാല്‍ക്കണി വാതില്‍ തള്ളിത്തുറന്നാണ് അകത്തു കടന്നതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.

ഒരു യാത്രയ്ക്ക് പോകാനിരുന്ന ബുഷ്റ കമ്മല്‍ മാറാനായി ആഭരണപ്പെട്ടി എടുക്കുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹം സിസിടിവി പരിശോധിച്ചതോടെയാണ് മോഷ്ടാവിനെ കാണുന്നത്. തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. പിന്നാലെ മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഒരു പൊതിയിലാക്കി ഡോക്ടറുടെ വീട്ടുവരാന്തയില്‍ വച്ച് മോഷ്ടാവ് സ്ഥലം വിട്ടു. പൊതിയില്‍ മാപ്പപേക്ഷിക്കുന്ന കത്തും ഉണ്ടായിരുന്നു. മോഷ്ടിച്ച സ്വര്‍ണത്തില്‍ രണ്ടുപവന്‍ വിറ്റുവെന്നും അത് തിരികെ തരാമെന്നും കേസെടുക്കരുതെന്നും അപേക്ഷിച്ചായിരുന്നു കത്ത്. എന്നാല്‍ കുടുംബം കേസുമായി മുന്നോട്ടുപോകുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page