റഹീം തറവാടുവീട്ടില്‍ തിരിച്ചെത്തി; സ്‌നേഹ വായ്പില്‍ നാട്; ആനന്ദാശ്രുവുമായി മാതാവ്

കോഴിക്കോട്: 20 വര്‍ഷത്തെ സൗദി ജയില്‍വാസത്തിനുശേഷം ബലി പെരുന്നാള്‍ ദിവസം രാവിലെ കോഴിക്കോട് കോടമ്പുഴയിലെ തറവാടുവീട്ടിലെത്തിയ അബ്ദുല്‍ റഹീമിനെ തടിച്ചുകൂടിയ ജനക്കൂട്ടം സ്‌നേഹ വായ്‌പ്പോടെ വരവേറ്റു. 20 വര്‍ഷം മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന വൃദ്ധയായ മാതാവ് ആനന്ദം കൊണ്ട് കണ്ണീര്‍ പൊഴിച്ച് മകനെ കെട്ടിപ്പിടിച്ചു. അബ്ദുല്‍ റഹീമിന് കണ്ണീരടക്കാനായില്ല. മാതാവിന്റെയും മകന്റെയും ആനന്ദാശ്രു കണ്ട് ആള്‍ക്കൂട്ടവും ഈറന്‍ തുടച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് റഹീം കരിപ്പൂരില്‍ വിമാനമിറങ്ങിയത്. സ്വീകരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും സ്‌നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനം ഇറങ്ങി വന്ന ഉടനെ അബ്ദുല്‍ റഹീം എല്ലാവര്‍ക്കും നന്ദി അറിയിച്ചു. പിന്നീട് കോടമ്പുഴയിലെ തറവാട്ടുവീടായ ‘സീനത്ത് മന്‍സിലി’ല്‍ എത്തിയപ്പോഴും റഹീമിനെ കാണാന്‍ ആളുകള്‍ പരിസരമാകെ തിങ്ങിനിറഞ്ഞിരുന്നു.

വധശിക്ഷയുടെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ വന്ന റഹീം പൊട്ടിക്കരഞ്ഞാണ് ആളുകളോട് നന്ദി പറഞ്ഞത്. പരേതനായ മച്ചിലകത്ത് മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും ഇളയ മകനാണ് അബ്ദുല്‍ റഹീം. 2006 നവംബര്‍ 28 ന് ആണ് ഡ്രൈവര്‍ ജോലിക്കായി റിയാദില്‍ എത്തിയത്. നാട്ടില്‍ ഒരു സ്വകാര്യ സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവര്‍ ആയിരുന്നു. ജീവിതം മെച്ചപ്പെടുത്താനാണ് ഗള്‍ഫിലെത്തിയത്. അബ്ദുല്‍ റഹീം ജോലിയില്‍ കയറി ഒരു മാസം തികയുന്നതിന് മുന്‍പു തന്നെ സ്‌പോണ്‍സറായ സൗദി പൗരന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡിസംബര്‍ 24 ന് അറസ്റ്റിലായി. തുടര്‍ന്ന് റിയാദ് ഇസ്‌കാനിലെ ജയിലിലായി.

അറസ്റ്റിലാകുമ്പോള്‍ 26 വയസ്സായിരുന്നു റഹീമിന്റെ പ്രായം. സ്‌പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അല്‍ ശഹ്രിയുടെ ആരോഗ്യപ്രശ്‌നമുള്ള പതിനഞ്ചുകാരനായ മകന്‍ അനസ് അല്‍ ശഹ്രിയുടെ ശരീരത്തില്‍ ഘടിപ്പിച്ച യന്ത്രത്തില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ തട്ടുകയും ബോധരഹിതനായ കുട്ടി പിന്നീട് മരണപ്പെടുകയുമായിരുന്നു എന്നാണ് നീതിപീഠത്തിന് മുന്‍പാകെ റഹീമിന് വേണ്ടി നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

മനഃപൂര്‍വമല്ലാത്ത കൈപ്പിഴയാണ് സൗദി ബാലന്റെ മരണത്തിന് കാരണമായതെങ്കിലും വിചാരണക്കൊടുവില്‍ 2012 ല്‍ റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു. വധശിക്ഷ വിധിക്കപ്പെട്ട്് 18 വര്‍ഷം പിന്നിടുമ്പോഴാണ് 34.35 കോടി രൂപ(ഒന്നര കോടി സൗദി റിയാല്‍) ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കാന്‍ തീരുമാനിച്ചത്. 2024 ജൂലൈ രണ്ടിനാണ് വധശിക്ഷ റദ്ദാക്കി വിധിയുണ്ടായത്. എന്നാല്‍ 20 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ദയാധനം നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന് സൗദി ബാലന്റെ കുടുംബം അറിയിച്ചു. തുടര്‍ന്ന് അതിനാവശ്യമായ തുക മലയാളി സമൂഹം ഒരുമാസം കൊണ്ട് സമാഹരിച്ചു.

‘സേവ് അബ്ദുല്‍ റഹീം’ എന്ന പേരില്‍ മൊബൈല്‍ ആപ്പിലൂടെ 34 കോടി രൂപ സമാഹരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പ്രതീക്ഷിച്ചതിലും അധികം തുക 47.87 കോടി രൂപ സഹായനിധിയില്‍ എത്തി. 2024 മാര്‍ച്ച് അവസാനം ആരംഭിച്ച് ഏപ്രില്‍ 12 വരെയുള്ള കാലയളവിലാണ് ഈ തുക സമാഹരിച്ചത്. ബാക്കി വന്ന തുക എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page