പ്രസവശേഷം ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ കുഞ്ഞിനെ വേണ്ടെന്ന് അമ്മ; ശിശു വിഹാറിലേക്ക് മാറ്റും

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശൗചാലയത്തില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ 19 കാരി കുഞ്ഞിനെ വേണ്ടെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. ഇതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശു വിഹാറിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു. അവിടെ 60 ദിവസം പരിചരിക്കും. തുടര്‍ന്ന് ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുക്കും.

കുഞ്ഞിന്റെ പിതാവ് ഇതരസംസ്ഥാനക്കാരനാണെന്നും യുവാവുമായി നിലവില്‍ ബന്ധമില്ലെന്നും ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് 19കാരി.

‘ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല, വയറ്റില്‍ കൊഴുപ്പ് അടിഞ്ഞതാണെന്നാണ് കരുതിയത്. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്തുവരികയാണ്’- 19 കാരി പറഞ്ഞു.

മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണ് യുവതിയുടെ അമ്മ. അച്ഛനും അനുജത്തിയുമാണ് വീട്ടിലുള്ളത്. വയറ്റിലെ അസുഖത്തിന് ചികിത്സയിലാണെന്നാണ് ഇവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്.
പ്രസവിച്ചശേഷം ജനലിലൂടെ വലിച്ചെറിഞ്ഞ കുഞ്ഞിന് വീഴ്ചയില്‍ പരിക്കുകളില്ല. കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഒബ്‌സര്‍വേഷനിലിരിക്കെ ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 19 കാരിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page