കരിങ്കൊടി പുരാണം

ഡോ.സി.എം . കായിഞ്ഞി

ചെറുപ്പകാലം തൊട്ട് കേൾക്കുന്ന ഒന്നാണ് കരിങ്കൊടി പുരാണം മന്ത്രി വരുമ്പോൾ കരിങ്കൊടി കാണിച്ച രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി കോടതിയിൽ ഹാജരാക്കി എന്നൊക്കെ. ഒരു കറുത്ത തുണി കഷ്ണം കണ്ടാൽ മന്ത്രിക്കെന്താ കുഴപ്പം. ചില നേതാക്കൾ വരുമ്പോൾ ചുവന്ന കൊടി പിടിച്ചു സിന്ദാബാദ്‌ വിളിച്ചാൽ കുഴപ്പമില്ല. നേതാക്കൾ വരുമ്പോൾ ത്രിവർണ്ണ കൊടിപിടിച്ചു സിന്ദാബാദ്‌ വിളിച്ചാൽ കുഴപ്പമില്ല. കാവി കൊടി പിടിച്ചു സിന്ദാബാദ്‌ വിളിച്ചാൽ കുഴപ്പമില്ല. പച്ചകൊടി പിടിച്ചു സിന്ദാബാദ്‌ വിളിച്ചാലും കുഴപ്പമില്ല. കറുത്ത കൊടി പിടിച്ചു മൂർദാബാദ് വിളിച്ചാൽ മാത്രമാണ് കുഴപ്പം.മന്ത്രിമാർ വരുമ്പോൾ കരിങ്കൊടി വീശുമ്പോൾ, മക്കളെ നിങ്ങൾ അടുത്ത് വന്നു വീശൂ കുറച്ചു കാറ്റെങ്കിലും കിട്ടട്ടെ എന്നു പറഞ്ഞാൽ ആരെങ്കിലും പിന്നെ കരിങ്കൊടി വീശാൻ വരുമോ?കരിങ്കൊടി വീശുന്നവരെ കാണുമ്പോൾ മന്ത്രിയും കൂടെയുള്ള പോലീസും അതു ശ്രദ്ധിക്കാതെ പോയാൽ പിന്നെ കരിങ്കൊടി വീശാൻ ആരെങ്കിലും ഉണ്ടാവുമോ.അല്ല ഈ കരിങ്കൊടി വീശിയാൽ മന്ത്രിക്ക് വേദനയുണ്ടാവുമോ. കരിങ്കൊടിക്ക് പകരം കരിങ്കല്ല് വീശിയെറിഞ്ഞാൽ മന്ത്രിക്കോ, ചുറ്റുമുള്ള പോലീസിനോ പരിക്ക് പറ്റാം. അങ്ങിനെയെങ്കിൽ എരിഞ്ഞവരെ തല്ലാം, അറസ്റ്റ് ചെയ്യാം, കേസെടുക്കാം. ഒരു കറുത്ത തുണി പൊക്കി കാണിച്ചതിന് തല്ലി തല പൊട്ടിക്കേണ്ട കാര്യമുണ്ടോ?അഥവാ കേസെടുക്കണമെങ്കിൽ വീഡിയോ എടുത്തു എഫ് ഐ ആർ ഇട്ടാൽ മതിയായിരുന്നു.ഭരണം മാറിയപ്പോൾ, കരിങ്കൊടി വീശിയപ്പോൾ തല തല്ലിപ്പൊട്ടിച്ച പോലീസുകാർക്കെതിരെ അന്വേഷണം നടത്താൻ സ്പെഷ്യൽ ടീമിനെ നിയമിച്ചിരിക്കുന്നു.പണ്ടൊക്കെയാണെങ്കിൽ ഞാൻ തല്ലിയിട്ടില്ല എന്നു പറയാമായിരുന്നു. ഇപ്പോൾ എല്ലാം വീഡിയോ തെളിവുകളാണ്. ആരാണ് തല്ലിയതെന്ന് വ്യക്തമായി കാണാം.അതെന്താവുമെന്നത് വഴിയേ കാണാം. നിയമം നിയമത്തിന്റെ വഴിയേ പോകുമെന്ന് എല്ലാവരും പറയും. എന്നാൽ ഭരിക്കുന്നവരുടെ ശുപാർശയുണ്ടെങ്കിൽ നിയമം ഏതു വഴിയേ വേണമെങ്കിലും പോകും.ഈയിടെ കണ്ണൂരിൽ ഒരു മന്ത്രിയെ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാണിച്ചവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കരിങ്കൊടി കാണിച്ചു ദേഹോദ്രവം ഏറ്റ മന്ത്രി ഐ സി യു വിൽ കിടന്നു വെളുപ്പാൻ കാലത്ത് തടിയൂരി.ഇനി പോലീസുകാരോട്, ഭരിക്കുന്ന പാർടിയുടെ പ്രീതി കിട്ടാൻ അവർ പറയുന്നവരെ തല്ലിയാൽ, ഭരണം മാറുമ്പോൾ, നിങ്ങളുടെ ഭാഗത്തു ന്യായമില്ലെങ്കിൽ ശിക്ഷിക്കപ്പെട്ടേക്കാം. കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ അന്യം നിന്നു പോയ സമരകോലാഹലം പുനർജനിക്കാൻ സാധ്യത ഉണ്ട്. അപ്പോൾ ഭരിക്കുന്ന പാർട്ടിക്കാർ തല തല്ലി പൊട്ടിക്കാൻ പറഞ്ഞാൽ നിങ്ങളുടെ സുരക്ഷയോർത്തു വീഡിയോ റെക്കോർഡ് ചെയ്തു കേസെടുക്കണം. ഇല്ലങ്കിൽ ഭരണം മാറുമ്പോൾ കേസ് യു ടേൺ എടുത്തു നിങ്ങളുടെ തലമണ്ടയിൽ വീഴും.മന്ത്രി എവിടെയെങ്കിലും വരുമ്പോൾ കരിങ്കൊടി വീശാൻ സാധ്യത ഉണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട്‌ കിട്ടിയാൽ ലാത്തിയും, ജല പീരങ്കിയുമെടുത്തു പോകാതെ ഒരു സിനിമ പാട്ടിന്റെ കേസറ്റുമെടുത്തു പോണം.

കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ്

എന്ന പാട്ടും പാടി മന്ത്രിയും പരിവാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും പോയാൽ കരിങ്കൊടി വീശൽ കേരളത്തിൽ നിന്നും തനിയെ അപ്രത്യക്ഷമാവും…………………………….. വാൽകഷ്ണം :രാജമാണിക്യം എന്ന സിനിമയിൽ ചുവപ്പ് ഡ്രസ്സ്‌ കാണുമ്പോൾ അക്രമം കാണിക്കുന്ന മൂരിക്കുട്ടനുണ്ട്. അതു പോലെ കറുപ്പ് കാണുമ്പോൾ അക്രമം കാണിക്കുന്ന പോലീസും, കറുപ്പ് കാണുമ്പോൾ ഹാലിളകുന്ന മന്ത്രിയും. സത്യത്തിൽ മൃഗങ്ങൾക്ക്‌ വർണ്ണങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ല. മനുഷ്യന് അതിനുള്ള കഴിവുണ്ട്.വർണാന്ധതയുള്ളവരെ പോലീസിലും എടുക്കാറില്ല. കറുപ്പ് വർണ്ണാന്ധയുള്ളവരെ പോലീസിലും, മന്ത്രി സ്ഥാനത്തുമാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ ഈ കരിങ്കൊടി പുരാണം . ഓ കറുപ്പിനഴക് ,ഒ ഓ…

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page