കൊച്ചി: 70 വയസ്സുള്ള ഹരിത കര്‍മ്മ സേനാംഗത്തിന് നേരെ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. കേസെടുത്ത പൊലീസ് ഫോര്‍ട്ട് കൊച്ചി, ചുള്ളിക്കല്‍ സ്വദേശിയായ യാസിര്‍ അഫ്രീദി (29)നെ അറസ്റ്റ് ചെയ്തു. ഒരു കോഫി ഷോപ്പിലെ ജീവനക്കാരനാണ് ഇയാള്‍.
കഴിഞ്ഞദിവസം പുലര്‍ച്ചെ 3 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ നിക്ഷേപ കേന്ദ്രത്തില്‍ എത്തിച്ച് തിരിച്ചു പോവുകയായിരുന്നു ഹരിത സേനാംഗം. കടവന്ത്ര, നോര്‍ത്ത് ഗിരിനഗര്‍ റോഡിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ അഫ്രീദ് കടന്നുപിടിക്കുകയായിരുന്നു. വയോധിക അക്രമം ചെറുക്കുകയും നിലവിളിക്കുകയും ചെയ്തു.നിലവിളി കേട്ട് തെരുവുനായ്ക്കള്‍ കുരച്ചുകൊണ്ട് ഓടിയെത്തി. ഇതോടെ അക്രമി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വയോധികയുടെ പരാതിയില്‍ കേസെടുത്ത കടവന്ത്ര പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്.







