തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബവും താമസിക്കുന്ന ഫ്‌ളാറ്റിലെ റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങളുടെ ചില്ല് സിപിഎം പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു. ഇഷ്ടികകളും വടികളും എടുത്ത് പ്രവര്‍ത്തകര്‍ വനിതാ ഉദ്യോഗസ്ഥര്‍ അടക്കം സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ എറിയുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങളുടേയും ചില്ലുകള്‍ തകര്‍ന്നു. അക്രമത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തെറിച്ച് പരിക്കേറ്റ ശ്യാം എന്ന ഡ്രൈവറെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതായും വിവരമുണ്ട്. സംസ്ഥാന പൊലീസും കേന്ദ്ര സേനയും നോക്കിനില്‍ക്കെയാണ് പ്രവര്‍ത്തകരുടെ ആക്രമണം. തകര്‍ന്ന വാഹനങ്ങളുമായി ഇഡി ഉദ്യോഗസ്ഥര്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. കേസുമായി മുന്നോട്ടു പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ പ്രവര്‍ത്തകര്‍ ചീമുട്ടയും എറിഞ്ഞു. വാഹനത്തിന് നേരെ എറിഞ്ഞ കല്ല് കാറിനുള്ളില്‍ നിന്ന് കണ്ടെടുത്തു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും എം.എല്‍.എമാരും ജില്ലാ നേതാക്കളുമെല്ലാം നോക്കിനില്‍ക്കെയാണ് പ്രവര്‍ത്തകര്‍ അക്രമാസക്തരായത്. പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ നേതാക്കള്‍ നിര്‍ദേശിച്ചില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തകരെ മാറ്റാനെത്തിയ സംസ്ഥാന പൊലീസിനും കേന്ദ്രസേനയ്ക്കും നേരെയും ആക്രമണം ഉണ്ടായി. പ്രവര്‍ത്തകരെ മാറ്റാന്‍ ഒടുവില്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. അക്രമാസക്തരായ സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.







