മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു

കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്യാനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാദം തുടരാനും കോടതി നിര്‍ദേശിച്ചു. മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റൂബി കെ. ജോസാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്.

കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊലപാതക സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരുന്ന ഇ. റിയാസിനെയാണ് കോടതി വിസ്തരിച്ചത്. ആയുധങ്ങളുമായെത്തിയ സംഘം ഷുഹൈബിനെ തുരുതുരാ വെട്ടിവീഴ്ത്തി എന്നായിരുന്നു റിയാസിന്റെ മൊഴി. ജൂണ്‍ 14 വരെ വിസ്താരം തുടരും.

2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂര്‍ കീഴൂര്‍ തെരുവിലെ ഉറി എന്ന തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോള്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമം തടയാന്‍ ശ്രമിക്കവെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി കെ. പത്മനാഭന്‍ ഹാജരായി.

പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ ഉള്‍പ്പെടെ അലംഭാവം കാണിച്ച് ഏറെ വിവാദം സൃഷ്ടിച്ച കേസാണ് ഇത്. എട്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് വിചാരണ തുടങ്ങിയത്. പ്രതികളെ സംരക്ഷിക്കുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ വഴിവിട്ട നീക്കം നടത്തിയതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ആകാശ് തില്ലങ്കേരി (31), റജില്‍ രാജ് (32), എ. ജിതിന്‍ (31), സി.എസ്. ദീപ്ചന്ദ് (33), ടി.കെ. അസ്‌കര്‍ (34) എന്നിവരാണ് ഒന്നു മുതല്‍ അഞ്ച് വരെ പ്രതികള്‍. സാജ് നിവാസില്‍ കെ. ബൈജു (44), തില്ലങ്കേരി ആലയാട് പുതിയപുരയില്‍ പി.പി. അന്‍വര്‍ സാദത്ത് (31), പാലയോടുമുട്ടില്‍ കെ. അഖില്‍ (31), തെരൂര്‍ സാജ് നിവാസില്‍ കെ. സഞ്ജയ് (29), രജത് നിവാസില്‍ കെ. രജത് (30), എളമ്പാറ കമ്മാനം കാട്ടൂര്‍ ഹൗസില്‍ കെ.വി. സംഗീത് (30), മട്ടന്നൂര്‍ കിളിയങ്ങാട് മേറ്റടി പുതിയവീട്ടില്‍ പി.കെ. അഭിനാഷ് (27) എടയന്നൂര്‍ പാലയോട് തെരൂര്‍ കുട്ടിക്കുന്ന് നിലാവ് ഹൗസില്‍ സി. നിജില്‍ (35), എളമ്പാറ അഭിനന്ദനം ഹൗസില്‍ കെ.പി. പ്രശാന്ത് (56), പാലയോട് തെരൂര്‍ പാലത്താന്‍കുന്ന് എ.പി. സിനീഷ് (37) മുട്ടില്‍ ഹൗസില്‍ എ.കെ. സുബീന്‍ (33), മുഴക്കുന്ന് ഗ്രാമം കേളോത്ത് ഹൗസില്‍ വി. പ്രജിത്ത് (34) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page