വിവാഹ വാര്‍ഷിക തലേന്ന് ഫാത്തിമത്ത് സുഫൈദയുടെ ആത്മഹത്യ: ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍; ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡന കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവിനെ ജയിലിലടച്ചു

കാസര്‍കോട്: വിവാഹ വാര്‍ഷിക തലേന്ന് യുവ ഭര്‍തൃമതി രാസലായനി കഴിച്ച് ജീവനൊടുക്കിയ കേസില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെങ്കള, പാണലത്തെ ആദിലിന്റെ ഭാര്യ ഫാത്തിമത്ത് സുഫൈദ (24) ഞായറാഴ്ച പുലര്‍ച്ചയാണ് ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി ഭർത്താവ് ആദിലിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണം സംഘം.
ഉന്നത വിദ്യാഭ്യാസം നേടിയ ഫാത്തിമത്ത് സുബൈദ ചെര്‍ളടുക്ക സ്വദേശിനിയാണ്. മൂന്നുവര്‍ഷം നീണ്ടുനിന്ന പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടുമാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കു മുമ്പ് തന്നെ ഫാത്തിമത്ത് സുഫൈദക്ക് പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രശ്‌നം സംബന്ധിച്ച് ഇരു വീട്ടുകാരും പലതവണ സംസാരിച്ചിരുന്നുവെങ്കിലും പീഡനം തുടരുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരവും സുഫൈദക്ക് വലിയ ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നിരുന്നു. ഇത് സംബന്ധിച്ച് വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു. തുടര്‍ന്ന് അയല്‍വാസിയായ ഒരു സ്ത്രീയുടെ ഫോണില്‍ നിന്നാണ് വീട്ടിലേക്ക് വിളിച്ചത്. ഇതോടെ സഹോദരന്‍ അബ്ദുല്‍ വാസില്‍ രാത്രി 9 മണിയോടെ പാണലത്തെ വീട്ടിലെത്തി- ബന്ധുക്കള്‍ വ്യക്തമാക്കി.
സ്വന്തം വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ സുഫൈദയെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയും കുഞ്ഞിനെ കൂടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെയുമാണ് സുഫൈദ വീട്ടിനകത്തേക്ക് പോയി രാസലായനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.
അവശനിലയിലായ സുഫൈദ ഞായറാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.ഇന്‍ക്വസ്റ്റില്‍ യുവതിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page