കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ കയറി വയോധികയുടെ കഴുത്തിൽ നിന്നു മൂന്നു പവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച സംഘത്തെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം അറസ്റ്റു ചെയ്തു.
തലശ്ശേരി. ധര്‍മ്മടത്തെ മുഹമ്മദ് യാസിന്‍ (20), മട്ടാമ്പ്രത്തെ മുഹമ്മദ് അനസ് (22)എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ധര്‍മ്മടം, ചാത്തോത്ത്, ബീച്ചിനു സമീപത്തെ തിരുവോട്ട് ഹൗസില്‍ ടി ലീല(76)യുടെ മാലപൊട്ടിച്ചു രക്ഷപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. വാടക വീട് കിട്ടുമോയെന്ന് അന്വേഷിച്ചാണ് സംഘം ലീലയുടെ വീട്ടില്‍ എത്തിയത്. സംസാരിക്കുന്നതിനിടയില്‍ ലീലയുടെ കഴുത്തില്‍ നിന്നു മാലപ്പൊട്ടിച്ചോടുകയായിരുന്നു. വയോധികയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. വിവരം ഉടന്‍ തന്നെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചു.
പിന്നാലെ ധര്‍മ്മടം പൊലീസ് കാസര്‍കോട്ടെത്തി. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മാല വിറ്റു കിട്ടിയ പണവുമായി സംഘം കാസര്‍കോട്ടെത്തി. ഇവിടെ നിന്ന് വാഹനം വാടകയ്ക്ക് എടുത്ത് കര്‍ണ്ണാടകയിലേയ്ക്കു രക്ഷപ്പെട്ടു.ഇക്കാര്യം സ്ഥിരീകരിച്ച പൊലീസ് സംഘം മംഗ്‌ളൂരു, സുരത്ക്കല്ല് ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. മാല വില്‍ക്കാന്‍ സഹായിച്ച ആളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.







