അട്ടപ്പാടി മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകം; ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റ് 13 പ്രതികളുടെയും ശിക്ഷ ശരിവച്ചു

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. കേസിലെ മറ്റ് 13 പ്രതികളുടെയും ശിക്ഷ കോടതി ശരിവച്ചു. ഒന്നാം പ്രതി മേച്ചേരി ഹുസൈനെയാണ് വെറുതെ വിട്ടത്. 16 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടത്. കേസിലെ നാല്, 11 പ്രതികളെ വെറുതെ വിട്ടത് കോടതി ശരിവച്ചു. കീഴ്‌ക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ 24 സാക്ഷികള്‍ കൂറുമാറിയിരുന്നു.

ശിക്ഷ വര്‍ധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. പ്രതികള്‍ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം. 2018 ഫെബ്രുവരി 22 നായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന്‍ മധുവിനെ(27) അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. പ്രതികള്‍ തന്നെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതാണ് പ്രധാന തെളിവായി മാറിയത്.

മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി 13 പ്രതികള്‍ക്ക് ഏഴു വര്‍ഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. 16-ാം പ്രതിക്ക് മൂന്നുമാസം തടവും 500 രൂപ പിഴയും ശിക്ഷ നല്‍കി. ശിക്ഷിക്കപ്പെട്ടവരില്‍ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. മധുവിനെ കാട്ടില്‍ നിന്നു പിടിച്ചുകൊണ്ടു വന്നവരുടെ കൂട്ടത്തില്‍ ഹുസൈന്‍ ഇല്ലായിരുന്നു എന്ന കാരണത്താലാണു ജാമ്യം അനുവദിച്ചത്. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരും കേസില്‍ വിട്ടയക്കപ്പെട്ട ഒരു പ്രതിയും ഉള്‍പ്പടെ 16 പ്രതികളും ഇന്ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ 12 പ്രതികളും ജയിലിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page