അട്ടപ്പാടി മധു കൊലക്കേസ്:ശിക്ഷ ഒഴിവാക്കാന്‍ ഹൈക്കോടതിയെ സമീപിച്ച 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികളുടെ ശിക്ഷ ഹൈക്കോടതി വര്‍ധിപ്പിച്ചു. വിചാരണ കോടതി വിധിച്ച ഏഴു വര്‍ഷം കഠിന തടവ് ശിക്ഷയാണ് ഹൈക്കോടതി ജീവപര്യന്തമാക്കി ഉയർത്തിയത്. ഇതോടൊപ്പം കേസിലെ പതിനാറാം പ്രതിയുടെ മൂന്നുമാസം തടവു ശിക്ഷ ഒരു വര്‍ഷമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാൽ ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. നാല്, 11 പ്രതികളെ വെറുതെ വിട്ടതും കോടതി ശരിവച്ചു.

മധുവിന്റെ അമ്മ മല്ലിയുടേയും സഹോദരി സരസുവിന്റേയും സംസ്ഥാന സർക്കാരിന്റെയും ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. 2018 ഫെബ്രുവരി 22 നായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന്‍ മധുവിനെ(27) അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. പ്രതികള്‍ തന്നെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകർത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചതാണ് പ്രധാന തെളിവായി മാറിയത്. കേസില്‍ 24 സാക്ഷികള്‍ കൂറുമാറിയിരുന്നു. മധുവിന്റെ മാതാവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page