ഇറാനുമായുള്ള സമാധാന കരാറിന്റെ ഭൂരിഭാഗം നിബന്ധനകളിലും ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
ഇറാനെതിരായ സൈനിക നീക്കങ്ങൾ താൽക്കാലികമായി മാറ്റിവെച്ചതായും ട്രംപ് വ്യക്തമാക്കി.
ചൈനയിൽ ഖനി അപകടം: 80ലധികം മരണം
ചൈനയിലെ ഒരു കൽക്കരി ഖനിയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 82 പേർ മരണപ്പെട്ടു. കഴിഞ്ഞ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഖനി അപകടങ്ങളിലൊന്നാണിത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
റഷ്യ – യുക്രെയ്ൻ യുദ്ധവും ഇന്ത്യക്കാരുടെ ആശങ്കയും:
റഷ്യൻ സൈന്യത്തിൽ ചേർന്ന് യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ നിലയിലാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കുടുംബങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു.
റഷ്യൻ സേനയിൽ ചേർന്ന 217 ഇന്ത്യക്കാരിൽ 49 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. അതിനിടെ, യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾ
അമേരിക്കൻ കോൺഗ്രസിലെ ആദ്യത്തെ ഹിന്ദു അംഗമായ തുളസി ഗബ്ബാർഡ് ട്രംപിന്റെ കാബിനറ്റിൽ നിന്നും രാജി പ്രഖ്യാപിച്ചു.
വിസ നടപടികൾ വേഗത്തിലാക്കാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ‘അമേരിക്ക ഫസ്റ്റ് വിസ ഷെഡ്യൂളിംഗ് ടൂൾ’ പ്രഖ്യാപിച്ചതു പ്രവാസികൾക്ക് നിർണായക വാർത്തയാണ്.
ഇലോൺ മസ്കിന്റെ സ്റ്റാർഷിപ്പിന് തിരിച്ചടി.
സ്പേസ് എക്സിന്റെ ഏറ്റവും വലിയ പേടകമായ സ്റ്റാർഷിപ്പ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറങ്ങുന്നതിനിടെ തകർന്ന് അഗ്നിഗോളമായി മാറിയത് ശാസ്ത്രലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
ഇന്ത്യയെ പ്രതിരോധ സാമഗ്രികൾ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമാക്കി മാറ്റുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി പ്രസ്താവിച്ചു. പ്രതിരോധ നിർമ്മാണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വരും വർഷങ്ങളിൽ 50 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടക്കുന്നവരുടെ മൊബൈൽ ഫോണുകൾ സാങ്കേതികവിദ്യ ഉപയോഗിച്ച് പൂട്ടിയിടാൻ (ലോക്ക് ചെയ്യാൻ) ബാങ്കുകൾക്ക് അനുമതി നൽകാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.
റഷ്യൻ സൈന്യത്തിൽ ചേർന്ന 139 ഇന്ത്യക്കാരെ മോചിപ്പിച്ചു: റഷ്യൻ സൈന്യത്തിന്റെ ഭാഗമായി മാറിയ 139 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതായും, എന്നാൽ ഇതേ തുടർന്നുണ്ടായ സാഹചര്യങ്ങളിൽ 49 പേർ കൊല്ലപ്പെട്ടതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ സിബിഐ അന്വേഷണം ശക്തമാക്കുന്നു: രാജ്യത്തെ പ്രമുഖ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരിലേക്ക് കൂടി സിബിഐ അന്വേഷണം വ്യാപിപ്പിച്ചു. കോടികളുടെ ഇടപാടുകളാണ് ഇതിന് പിന്നിൽ നടന്നിട്ടുള്ളതെന്നാണ് സൂചന.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റി അയക്കുന്ന മൂന്നാമത്തെ രാജ്യമായി വെനസ്വേല: സൗദി അറേബ്യയെയും ഇറാഖിനെയും പിന്നിലാക്കിക്കൊണ്ടാണ് വെനസ്വേല ഇന്ത്യയുടെ പ്രധാന എണ്ണ ഇറക്കുമതി സ്രോതസ്സുകളിൽ മൂന്നാമതെത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനിലയിൽ നേരിയ ആശ്വാസം ലഭിച്ചെങ്കിലും, വരും ദിവസങ്ങളിൽ ഉഷ്ണതരംഗം ശക്തമായി തിരിച്ചെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
രാഘവ് ഛദ്ദ രാജ്യസഭാ ഹർജി പാനൽ ചെയർമാൻ: എഎപി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയെ രാജ്യസഭയുടെ ഹർജി കമ്മിറ്റി ചെയർമാനായി നിയമിച്ചു.
അപകട വാർത്ത: കർണാടകയിലെ കൽബുർഗിയിൽ ക്രൂയിസർ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.
ഭരണരംഗവും രാഷ്ട്രീയവും: കേരളത്തിൽ
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. സംസ്ഥാനത്തെ ആറ് ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ ചുമതലപ്പെടുത്തി.
എന്നാൽ മന്ത്രിമാർ അറിയാതെയുള്ള ചീഫ് സെക്രട്ടറിയുടെ ഈ നടപടിയിൽ അതൃപ്തി പുകയുന്നതായി റിപ്പോർട്ടുകളുണ്ട്.
കേന്ദ്ര ഗവൺമെന്റിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന്പിണറായി വിജയൻ ആവശ്യപ്പെട്ടു. കേന്ദ്രം ‘കോക്രോച്ച് ജനത പാർട്ടി’യെ ഭയക്കുന്നുവെന്നു അദ്ദേഹം വിമർശിച്ചു.
ക്രമസമാധാനവും അന്വേഷണങ്ങളും:
നവകേരള യാത്രയ്ക്കിടയിലെ പ്രതിഷേധക്കാർക്കെതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാർ പ്രതികളാണെന്ന് പ്രത്യേക അന്വേഷണ സംഘം
കോടതിയിൽ റിപ്പോർട്ട് നൽകി.
ലഹരിമരുന്ന് പ്രതി ഓടി രക്ഷപ്പെട്ടു: കോടികളുടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായ മുഹമ്മദ് ഹനീഫ എന്ന പ്രതി, തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയ്ക്ക് സമീപം ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു.
കാറിന് തീപിടിച്ച സംഭവം: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണപ്പെട്ടു.
കാലാവസ്ഥ: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിലും ജാഗ്രത തുടരാൻ നിർദ്ദേശമുണ്ട്.
വിഷു ബംപർ ജേതാവ്: ഇത്തവണത്തെ 12 കോടിയുടെ വിഷു ബംപർ അടിച്ചത് ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തിയിരുന്ന കരുനാഗപള്ളിയിലെ ഒരു കുടുംബത്തിന് .ജപ്തി ഭീഷണിയിലായിരുന്ന വീട്ടിലേക്കാണ് ഈ വൻഭാഗ്യം എത്തിച്ചേർന്നത്.
നീലേശ്വരം മേൽപാലം ജൂൺ 22-നകം തുറക്കും.
നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി, ദേശീയപാതയുടെ ഭാഗമായി നിർമ്മിക്കുന്ന മേൽപാത ജൂൺ 22-നകം തുറന്നു കൊടുക്കാൻ തീരുമാനമായി.
സർവീസ് റോഡിന്റെയും ഡ്രെയ്നേജിന്റെയും നിർമ്മാണം ഒരു മാസത്തിനകം പൂർത്തിയാക്കാനും ധാരണയായിട്ടുണ്ട്.
ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി നഗരസഭ ഉടൻ പ്രത്യേക യോഗം വിളിക്കും.
ജില്ലയിൽ ലഹരി വിപണനത്തിനും ഉപയോഗത്തിനുമെതിരെ പോലീസ് നടപടികൾ കർശനമാക്കി. കഴിഞ്ഞ ഒന്നരവർഷത്തിനിടെ 1600-ലധികം പേരെയാണ് മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് പോലീസ് മാത്രം അറസ്റ്റ് ചെയ്തത്. എക്സൈസ് വകുപ്പും പരിശോധനകൾ ശക്തമായി തുടരുകയാണ്.






