കൊച്ചി: മോഷ്ടിച്ച സ്‌കൂട്ടറില്‍ ഹെല്‍മെറ്റില്ലാതെ യാത്രചെയ്ത യുവതിയെയും 17 കാരനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടര്‍ന്ന് പിടികൂടി. കാക്കനാട്- കളമശ്ശേരി മേഖലയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് (ഞായർ ) രാവിലെയാണ് സംഭവം. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന യുവതിയെ കാണുന്നത്. കൂടെ ഒരു കൗമാരക്കാരനും ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ കൈകാണിച്ചെങ്കിലും സ്‌കൂട്ടര്‍ നിര്‍ത്താതെ ഓടിച്ച് പോയി.
സംശയം തോന്നി പിൻതുടരുകയായിരുന്നു.അഞ്ച് കിലോമീറ്ററോളം പിന്തുടര്‍ന്നശേഷം ഉദ്യോഗസ്ഥര്‍ ഇരുവരെയും കയ്യോടെ പിടികൂടി. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ നമ്പര്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ചേസിസ് നമ്പറും എന്‍ജിന്‍ നമ്പറും പരിശോധിച്ച് വാഹനത്തിന്റെ യഥാര്‍ത്ഥ രജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ടെത്തി.
ഉടമയെ വിളിച്ചപ്പോള്‍ ഫെബ്രുവരി 22ന് എറണാകുളം കോണ്‍വെന്റ് ജംങ്ഷനില്‍ നിന്ന് സ്‌കൂട്ടര്‍ മോഷണം പോയതായി അറിയിച്ചു. ഇതുസംബന്ധിച്ച് ഉടമ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. അന്വേഷിച്ചെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. കസ്റ്റഡിയിലെടുത്ത സ്‌കൂട്ടര്‍ തുടര്‍ നടപടികള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കളമശ്ശേരി പൊലീസിന് കൈമാറി.







