വൈദ്യുതാഘാതമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചികിത്സ നല്‍കിയില്ല; ഗര്‍ഭസ്ഥ ശിശു മരിച്ചു

ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചികിത്സ നല്‍കാന്‍ വൈകിയതിനാല്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതായി ബന്ധുക്കളുടെ പരാതി. വെള്ളക്കിണര്‍ പൂപ്പറമ്പില്‍ തന്‍സീറിന്റെ ഭാര്യ നജ്ല(26) യുടെ രണ്ടുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് വാഷിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ നജ് ലയ്ക്ക് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് ബീച്ച് വനിതാ-ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മതിയായ ചികിത്സ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

നജ്‌ലയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടര്‍ ഡ്യൂട്ടിയിലില്ലാതിരുന്നതിനാല്‍ വീട്ടിലെത്തി കാണിക്കാന്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ നിര്‍ദേശിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്‌കാന്‍ ചെയ്താലേ ശിശുവിന്റെ അവസ്ഥ അറിയാനാകൂ എന്നും അതിന് ആശുപത്രിയില്‍ സൗകര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഒന്നര മണിക്കൂര്‍ അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധനകള്‍ നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച് സ്‌കാന്‍ ചെയ്ത ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭസ്ഥ ശിശുവിന് അനക്കമില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. നജ്‌ലയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തുടര്‍ചികിത്സകള്‍ നല്‍കുകയാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാര്‍ പറഞ്ഞു.

ബീച്ച് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ പരിശോധിച്ച് ചികിത്സ നല്‍കിയിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ ഇരയുടേയും ബന്ധുക്കളുടെയും മൊഴി പൊലീസ് എടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page