പത്തനംതിട്ട: സൂചിയുടെ ഭാഗം ശരീരത്തില്‍ കുടുങ്ങി, കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി വീട്ടമ്മ. ആലുവ സ്വദേശി വത്സല(62) ആണ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഒരു വര്‍ഷം മുമ്പാണ് വത്സല ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയത്. അന്ന് ഇവിടെ നിന്ന് ഇഞ്ചക്ഷന്‍ എടുത്തിരുന്നുവെന്നും അതിന്റെ ഭാഗം ശരീരത്തില്‍ കുടുങ്ങിയെന്നുമാണ് വീട്ടമ്മയുടെ ആരോപണം.
ശരീരത്തില്‍ തടുപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സൂചിയുടെ ഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ 19 ന് ഇവര്‍ ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയയാകുകയും സൂചിയുടെ ഒരു ഭാഗം പുറത്തെടുക്കുകയും ചെയ്തിരുന്നു. ഇനിയും ഒരു ഭാഗം കുരുങ്ങിയിട്ടുണ്ടെന്നാണ് വത്സല പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനുശേഷം നടപടി ഉണ്ടാകുമെന്നാണ് കോഴഞ്ചേരി ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.







