18 ട്രെയിനുകൾ നീട്ടണം; സൂപ്പർ ഫാസ്റ്റുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം; കാസർകോടിന്റെ റെയിൽവേ യാത്ര ക്ലേശം പരിഹരിക്കാൻ ജില്ലാ ഭരണകൂടം മാസ്റ്റർ പ്ലാൻ തയ്യാറാക്കി

കാസർകോട്:കാസർകോട്ടെ റെയിൽവേ യാത്രാക്ലേശം പരിഹരിക്കുന്നതിനു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ റയിൽവേ സമഗ്ര നിർദ്ദേശമടങ്ങിയ റിപ്പോർട്ട് റെയിൽവെ അധികൃതർക്ക് കൈമാറി.കണ്ണൂർ, മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്ന പ്രധാന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്നും, നിർത്തലാക്കിയ പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് കളക്ടർ കത്തയച്ചത്.പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവത്തിനു അയച്ച ഔദ്യോഗിക കത്തിലാണ് കാസർകോട് ജില്ല നേരിടുന്ന കടുത്ത യാത്രാ ക്ലേശം ജില്ലാ കളക്ടർ വിശദീകരിച്ചിട്ടുള്ളത്. തെക്കൻ കേരളത്തിൽ നിന്ന് പുറപ്പെടുന്ന നിരവധി ട്രെയിനുകൾ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്നു. അതുപോലെ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ള സർവീസുകൾ മംഗലാപുരത്തും നിർത്തുന്നു. ഇതുമൂലം കാസർകോട്ടേക്ക് വരേണ്ട പ്രവാസികൾ, വിദ്യാർത്ഥികൾ, രോഗികൾ, തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ അർദ്ധരാത്രിയിലും പുലർച്ചെയും മണിക്കൂറുകളോളം ട്രയിൻ ഇല്ലാതെ ഇന്റർമീഡിയറ്റ് സ്റ്റേഷനുകളിൽ കാത്തിരിക്കേണ്ടി വരുന്നു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ ഇല്ലാത്തതും, മുൻപുണ്ടായിരുന്ന ചില പാസഞ്ചർ സർവീസുകൾ നിർത്തലാക്കിയതും ജനങ്ങളുടെ ദൈനംദിന യാത്രകളെയും പ്രാദേശിക വികസനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.മേയ് 16-ന് കളക്ടറുടെ ചേമ്പറിൽ നടന്ന റെയിൽവേ ഉദ്യോഗസ്ഥരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡിവിഷണൽ മാനേജർക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്:സർവീസുകൾ നീട്ടൽ:കണ്ണൂരിലും മംഗലാപുരത്തും സർവീസ് അവസാനിപ്പിക്കുന്ന പ്രധാന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടുക, നിലവിൽ സ്റ്റോപ്പില്ലാത്ത പ്രധാന ട്രെയിനുകൾക്ക് കാസർകോട് സ്റ്റോപ്പ് അനുവദിക്കുക. കാസർകോട് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം/ഓപ്പറേഷണൽ പരിമിതികൾ പരിഹരിക്കാനുള്ള പ്രായോഗിക നിർദ്ദേശവും കളക്ടർ മുന്നോട്ട് വെച്ചു. കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്കും, മംഗലാപുരത്ത് അവസാനിക്കുന്നവ കണ്ണൂരിലേക്കും നീട്ടുക. ഇതു യാത്രക്കാർക്കു സഹായകരവും റെയിൽവേയ്ക്ക് കൂടുതൽ വരുമാനവുംഉറപ്പാക്കാൻ സഹായിക്കുമെന്നു ജില്ലാക്ടർ ചൂണ്ടിക്കാട്ടി. മുൻപ് സർവീസ് നടത്തിയിരുന്ന *ബൈന്ദൂർ-കാസർകോട് പാസഞ്ചർ* പുനരാരംഭിക്കണo. *കണ്ണൂർ – കോഴിക്കോട്-മംഗലാപുരം പാസഞ്ചർ* ആയി പുനഃക്രമീകരിക്കാവുന്നതുമാണ് മറ്റൊരാവശ്യം. ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് *ഗുരുവായൂർ-മൂകാംബിക എക്സ്പ്രസ്സ്* ആയി ഇതിനെ മാറ്റിയാൽ തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും അത് വലിയ അനുഗ്രഹമാകും – റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ജില്ലാ ഭരണകൂടത്തിന്റെ റെയിൽവേ മാസ്റ്റർ പ്ലാൻ പ്രകാരം18 ട്രെയിനുകൾ നീട്ടണം; സൂപ്പർഫാസ്റ്റുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം.താഴെ പറയുന്ന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.16307 ആലപ്പുഴ എക്സ്പ്രസ്,12082 തിരുവനന്തപുരം ജനശതാബ്ദി ,66324 ഷൊർണൂർ മെമു,16305 എറണാകുളം എക്സ്പ്രസ്,16609 തൃശ്ശൂർ എക്സ്പ്രസ്,50017 കോഴിക്കോട് പാസഞ്ചർ ,16611 പാലക്കാട് എക്സ്പ്രസ്,16608 കോയമ്പത്തൂർ എക്സ്പ്രസ് സർവീസുകൾ നീട്ടണം.

മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ സ്റ്റേഷനുകളിൽ സർവീസ് അവസാനിപ്പിക്കുന്ന പ്രധാന ട്രെയിനുകൾ കാസർകോട്/കണ്ണൂർ ഭാഗത്തേക്ക് നീട്ടിയാൽ ലക്ഷക്കണക്കിന് യാത്രക്കാർക്ക് നേരിട്ട് ഗുണം ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു.12619 ലോകമാന്യ തിലക് (മുംബൈ) സൂപ്പർഫാസ്റ്റ്,12133 സി.എസ്.എം.ടി. സൂപ്പർഫാസ്റ്റ്,56626, 56630 കുക്കെ സുബ്രഹ്മണ്യ റോഡ് പാസഞ്ചർ ,17377 വിജയപുര മെയിൽ എക്സ്പ്രസ്,10107 മഡ്ഗാവ് മെയിൽ എക്സ്പ്രസ്,56615 മഡ്ഗാവ് പാസഞ്ചർ ,20645 മഡ്ഗാവ് – മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസ്,16539/16575 യശ്വന്ത്പൂർ മെയിൽ എക്സ്പ്രസ്,09057/09424 സൂറത്ത്/അഹമ്മദാബാദ് സൂപ്പർഫാസ്റ്റ് എന്നിവ കാസർകോട്ടേക്കോ, കണ്ണൂർക്കോ നീട്ടിയാൽമുംബൈ, ബെംഗളൂരു, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കാസർകോട്ടെ പ്രവാസികൾക്കും ഐ.ടി. മേഖലയിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഈ സർവീസുകൾ ഏറെ സഹായകരമാകുമെന്ന് കളക്ടർ ചൂണ്ടിക്കാട്ടി.കാസർകോട് വഴി കടന്നുപോകുന്നുണ്ടെങ്കിലും നിലവിൽ കാസർകോട്ട് സ്റ്റോപ്പ് അനുവദിച്ചിട്ടില്ലാത്ത മൂന്ന് പ്രധാന സൂപ്പർഫാസ്റ്റ് ട്രെയിനുകളായ.22653 തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്,22655 എറണാകുളം ജംഗ്ഷൻ സൂപ്പർഫാസ്റ്റ്,22476 കോയമ്പത്തൂർ ജംഗ്ഷൻ സൂപ്പർഫാസ്റ്റ് എന്നിവക്ക് കാസർകോട്ട്‌ സ്റ്റോപ്പനുവദിക്കണം. കോവിഡിന് ശേഷം നിർത്തലാക്കിയ മംഗലാപുരം–കണ്ണൂർ മെയിൻ പാസഞ്ചർ സർവീസും ബൈന്ദൂർ–കാസർകോട് പാസഞ്ചർ സർവീസും പുനരാരംഭിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.പ്ലാറ്റ്ഫോം പരിമിതികളോ മറ്റ് സാങ്കേതിക തടസ്സങ്ങളോ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും പരിഹാര നടപടികൾക്കും ജില്ലാ ഭരണകൂടം പൂർണ സഹകരണം നൽകാൻ തയ്യാറാണെന്നും കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page