പൊലീസ് ക്വാർട്ടേഴ്സിന്‌ ബോംബെറിഞ്ഞ് ഇൻസ്പെക്ടറെയും എസ് ഐ യെയും വധിക്കാൻ ശ്രമിച്ച കേസ്:ഡി.വൈ.എഫ് ഐ – സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

തളിപ്പറമ്പ്: പൊലീസ് ക്വാര്‍ട്ടേഴ്‌സിന് ബോംബെറിഞ്ഞ് ഇൻസ് പെക്ടറെയും എസ്.ഐയെയും വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഡി.വൈ.എഫ്.ഐ- സി.പി.എം പ്രവര്‍ത്തകരായ നാലുപേരെ വെറുതെവിട്ടു. കണ്ടങ്കാളി തണ്ടറയില്‍ ഹൗസില്‍ സി. ഷിജില്‍ (35), വെള്ളൂര്‍ തെക്കേക്കര ചൊവ്വാട്ട് വലിയവീട്ടില്‍ ടി.സി.വി നന്ദകുമാര്‍(35), വെള്ളൂര്‍ കണ്ടത്തില്‍ ഹൗസില്‍ കെ. വികാസ് (32), അന്നൂര്‍ ആലുവളപ്പില്‍ ഹൗസില്‍ കെ. രഞ്ജിത്ത് (37) എന്നിവരെയാണ് തളിപ്പറമ്പ് അഡീ. സെഷന്‍സ് ജഡ്ജ് കെ.എന്‍ പ്രശാന്ത് വെറുതെവിട്ടുകൊണ്ട് ഇന്ന് (വെള്ളി)വിധി ഉത്തരവായത്. കുറ്റം തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്ന് വിധിന്യായത്തില്‍ പറഞ്ഞു. കേസിലെ ഏക സ്വതന്ത്രസാക്ഷി ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. സ്വതന്ത്രസാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി വിലയിരുത്തി.
2016 ജനുവരി 16ന് പുലര്‍ച്ചെ 1.40നായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.കെ മണിയും എസ്.ഐ: വിപിന്‍കുമാറും താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന് നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. ക്വാര്‍ട്ടേഴ്‌സിന്റെ താഴെനിലയിൽ മണിയും മുകളിലെനിലയില്‍ വിപിന്‍കുമാറും കുടുംബവുമാണ് താമസിച്ചിരുന്നത്. രണ്ട് ബോംബുകളാണ് എറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ വിപിന്‍കുമാറിന്റെ ഭാര്യ മായയും എട്ട് വയസുള്ള മകള്‍ അനന്യയും മൂന്ന് വയസുള്ള മകള്‍ അമേയയും ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്നു. അക്രമത്തിൽ ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍, ഭിത്തി, ക്ലോസറ്റ് എന്നിവ തകര്‍ന്നിരുന്നു. 15,33,233 രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്ന് കുറ്റപത്രത്തിലുണ്ടായിരുന്നു. ബൈക്കുകളിലെത്തിയാണ് ബോംബെറിഞ്ഞതെന്നായിരുന്നു കേസ്.
പയ്യന്നൂരില്‍ അക്കാലത്ത് സി.പി.എമ്മും പൊലീസും തമ്മില്‍ സംഘര്‍ഷത്തിലായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ബോംബേറ് ഉണ്ടായത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാവ് പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അന്നത്തെ പയ്യന്നൂര്‍ സി.ഐയുടെയും എസ്.ഐയുടെയും ക്വാര്‍ട്ടേഴ്‌സ് അടിച്ച് തകര്‍ക്കുകയും ബോംബെറിയുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയായിരുന്ന വി.കെ നിഷാദിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. സപ്തംബര്‍ 28ന് രാത്രി മണിയുടെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ റീത്തും ഭീഷണി കത്തും കാണപ്പെട്ടിരുന്നു. ഈസംഭവങ്ങളുടെ തുടര്‍ച്ചയായാണ് ക്വാര്‍ട്ടേഴ്‌സിന് നേരെ നടന്ന ബോംബേറെന്നായിരുന്നു സൂചന.
വിവിധകാലങ്ങളിലായി എസ്.പിമാരായ എന്‍. ഉണ്ണിരാജ, ഹരിശങ്കര്‍, സഞ്ജയ് ഗുര്‍ദിന്‍, കെ.പി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി: എ. സുരേന്ദ്രന്‍, നര്‍ക്കോട്ടിക്‌സെല്‍ ഡിവൈ.എസ്.പി: വി.എന്‍ വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ: എ.വി ദിനേശന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. വിനീഷ് കോടതിയിൽ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page