തളിപ്പറമ്പ്:ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൂടുതല്‍ ലാഭം ഉണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവാവിന്റെ 53.83 ലക്ഷം രൂപ തട്ടിയെടുത്തു. പേരാവൂര്‍ പെരുന്തോടിയിലെ പലേരി വീട്ടില്‍ ഗിരീഷിന്റെ (48) പരാതിയില്‍ രവികുമാര്‍, പാര്‍വതി, ലോകനാഥന്‍, ഇസ്രയേലി കമ്പനിയായ ഇടോറോ എന്നിവരുടെ പേരില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. കണ്‍സ്ട്രക്ഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ഗിരീഷ്.
കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് രവികുമാര്‍ ആണ് വാട്‌സ്ആപ്പ് കോള്‍ ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 30 വരെയുള്ള തീയതികളിലായി 53,83, 427 രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18 തവണകളായി അയച്ചുനല്‍കുകയായിരുന്നു.
ഗിരീഷിന്റെ സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്.ബി.ഐ അക്കൗണ്ടുകളില്‍ നിന്നും സുഹൃത്ത് പ്രമോദിന്റെ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നുമാണ് പണം അയച്ചത്. സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.







