ദേശീയപാത: നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ഫ്‌ളൈ ഓവർനിർമിക്കണം: ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി

കാസർകോട്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിലവിൽ നടന്നു വരുന്ന മണ്ണ് തിട്ടപ്പെടുത്തിയുള്ള നിർമ്മാണരീതി ഒഴിവാക്കി പകരം സമഗ്രമായ ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാന സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചു.പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ-ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ എന്നിവർക്കാണ് ഇതു സംബന്ധിച്ച ശുപാർശ കൈമാറിയത്.നിലവിലെ രൂപരേഖ പ്രകാരം മാർക്കറ്റ് ജംഗ്ഷനിൽ വൻതോതിൽ മണ്ണ് നിറച്ച് നടക്കുന്ന നിർമ്മാണം നീലേശ്വരം ടൗണിനെ മൺമതിലുകൾ കൊണ്ട് രണ്ടായി വിഭജിതമെന്നും അതു ഗുരുതരമായ ഗതാഗതക്കുരുക്കിനും നഗരത്തിന്റെ സ്വാഭാവിക വികസനത്തിനും തിരിച്ചടിയാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നീലേശ്വരം പോലീസ് സ്റ്റേഷൻ മുതൽ കോട്ടപ്പുറം റോഡ് വരെ നിലവിൽ പദ്ധതിയിട്ടിരിക്കുന്ന മണ്ണ് നിറച്ച നിർമ്മാണം പൂർണ്ണമായും ഒഴിവാക്കി, തൂണുകളിൽ അധിഷ്ഠിതമായ ഫ്‌ളൈഓവർ നിർമ്മിക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകണമെന്നു റിപ്പോർട്ട് അഭ്യർഥിച്ചു.നിലവിലുള്ള സർവീസ് റോഡുകളിൽ സ്ഥലപരിമിതി കാരണം വാഹനങ്ങൾ തിരിയുന്നതിനും ഗതാഗത നിയന്ത്രണത്തിനും ബുദ്ധിമുട്ടുണ്ട്. ഫ്‌ളൈ ഓവർ നിർമ്മിച്ചാൽ സർവീസ് റോഡുകൾക്ക് കൂടുതൽ വീതി ലഭ്യമാകുകയും, പാലത്തിന് താഴെയുള്ള വിശാലമായ സ്ഥലം നഗരത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ വാഹന പാർക്കിംഗിനായി ഉപയോഗിക്കാനും കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു.കോട്ടപ്പുറം–തൈക്കടപ്പുറം റോഡിലേക്കുള്ള പ്രവേശനം സുരക്ഷിതമായി നിലനിർത്താനും പ്രദേശത്തെ ടൂറിസം, മത്സ്യബന്ധന മേഖലകൾക്ക് തിരിച്ചടി ഒഴിവാക്കാനും ഈ മാതൃക സഹായകരമാകുമെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. നീലേശ്വരം പുഴയ്ക്ക് 1958-ൽ നിർമ്മിച്ച നിലവിലെ ദേശീയപാത പാലം അപകടാവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. നിലവിലെ പദ്ധതിപ്രകാരം പഴയ പാലം നിലനിർത്തി പുതിയ മൂന്ന് വരി പാലം മാത്രം നിർമ്മിച്ചാൽ ആകെ അഞ്ച് വരി ഗതാഗതം മാത്രമേ സാധ്യമാകൂ. ഇത് ഭാവിയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നതിനാൽ പഴയ പാലം പൊളിച്ചുനീക്കി അതിന്റെ സ്ഥാനത്ത് പുതിയ മൂന്ന് വരി പാലം കൂടി നിർമ്മിച്ച് ആകെ ആറ് വരി ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരവും പരിസ്ഥിതിസംബന്ധമായും ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കാലവർഷത്തിന് മുന്നോടിയായി ജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുന്നതിനു സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും ജില്ലാ കളക്ടർ റിപ്പോർട്ടിൽ അഭ്യർത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page