കാസർകോടിന്റെ ആരോഗ്യം ആരുടെ കൈകളിൽ ?

ഡോ. സി. എം. കായിഞ്ഞി

കേരളത്തിന്റെ വികസനം എന്നത് ഏത് മേഖലയിലാണെങ്കിലും പണ്ട്മുതൽക്കേ തെക്കും വടക്കും വലിയ അന്തരമുണ്ട്. ഒരാൾ തിരുവനന്തപുരത്തു നിന്നും നടക്കാൻ തുടങ്ങിയാൽ ആദ്യം നടത്തതിന് വേഗതയുണ്ടാവും.പിന്നെ വേഗത കുറഞ്ഞു കുറഞ്ഞു തൃശൂർ എത്തുമ്പോൾ വേദന സഹിക്കാതെ അവിടെ നില്കും. പിന്നെ കുറച്ചു റസ്റ്റ്‌ എടുത്തു മുടന്തിയും ഏന്തിവലിഞ്ഞും എങ്ങിനെയൊക്കെയും നടന്നു കാസർകോട് എത്തും. അതു പോലെ തന്നെയാണ് വികസന കഥയും.

തിരുവനന്തപുരത്തു നിന്നു അതിവേഗം തുടങ്ങി വേഗത കുറഞ്ഞു തൃശൂർ എത്തുമ്പോഴേക്കും നിൽക്കും. പിന്നെ മലബാറിലെത്തുമ്പോഴേക്കും മന്ത്രിമാരുടെ തിണ്ണ നിരങ്ങുന്ന എം ൽ എ മാർ മുടന്തിയും ഏന്തി വലിഞ്ഞു വല്ലതും വല്ലതും കിട്ടിയാൽ കാസർക്കോട്ടേക്ക് കൊണ്ട് വരും. അത്ര തന്നെ. അതിൽ കക്ഷിഭേദമില്ല.

സംസ്ഥാനത്ത് കാസർകോട് ജില്ലയിലാണ് ആരോഗ്യ മേഖലയിൽ വികസനമില്ലായ്മ ഏറ്റവും കൂടുതൽ കാണുന്നത്.

കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ, താലൂക്, ജില്ലാ, ജനറൽ ആശുപത്രികളിൽ ഡോക്ടർമാരുടെയും മറ്റു പാരാ മെഡിക്കൽ ജീവനക്കാരുടെയും എണ്ണത്തിൽ വലിയ വ്യത്യാസം ഉണ്ട്.

ജില്ലയിൽ താലൂക് ആശുപത്രികളിൽ രണ്ടോ മൂന്നോ സ്പെഷ്യലിസ്റ്റ്ഡോക്ടർമാർ മാത്രമാണുള്ളത്.മറ്റു ജില്ലകളിൽ പത്തിന് മുകളിൽ ഇരുപത് വരെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ട്.

സംസ്ഥാനത്തിന്റെ തെക്കു വടക്ക് ഉള്ള അന്തരം കാസർകോട് ജില്ലയുടെ തെക്കുo വടക്കും തമ്മിലുള്ള വികസനത്തിലുംകാണാം. വലിയ വ്യത്യാസം തന്നെ.

ജില്ലയിൽ നാല് താലുക്കാണുള്ളതെങ്കിലും അഞ്ചു താലൂക്കാശു പത്രിയുണ്ട്. കാസർകോട്,മഞ്ചേശ്വരം താലൂക്കുകളിൽ ഓരോന്നും വെള്ളരിക്കുണ്ട് താലൂക്കിൽ ഒന്നും ഹോസ്ദുർഗ് താലൂക്കിൽ രണ്ടും .അത് രണ്ടും തൃക്കരിപ്പൂർ മണ്ഡലത്തിലുമാണ്. അതിനുള്ള കാരണം കുറെ വർഷങ്ങളായി ആ മണ്ഡലത്തിൽ നിന്നുള്ള എം ൽ എ ഒരു പാർട്ടിയുടെ തന്നെ ആളാവുന്നതു കൊണ്ടാവാം.

കാസർകോട്ടെ ആരോഗ്യ മേഖലയിലെ വികസനം എന്നത് സംസ്ഥാനത്തെ വികസനത്തോടൊപ്പം എത്താത്തത് തിരുവനന്തപുരത്തിരിക്കുന്നവരുടെ കണ്ണിനു തിമിരം ഉള്ളത് കൊണ്ടായിരിക്കാം.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വയസ്സ് കൂടുന്നതിനനുസരിച്ച് തിമിരവും കൂടുമല്ലോ?.

പിന്നെ വേണ്ടത് ഇവിടത്തെ ജനങ്ങളുടെ മുറവിളിയാണ്. വയസ്സ് കൂടുന്നതിനനുസരിച് തിമിരം മാത്രമല്ല കേൾവി ശക്തിയും കുറയും. അതുകൊണ്ട് മുറവിളി കൊണ്ടും വലിയ കാര്യമുണ്ടാവില്ല.

കാസർകോട്ടു കാരുടെ ഒരുപാടു കാലത്തെ ആവശ്യമായിരുന്നു ജില്ലയ്ക്കൊരു മെഡിക്കൽ കോളേജ്.

പത്തു വർഷം മുമ്പ് അതിനു വേണ്ടി തറക്കല്ലിട്ടു. അതൊരു കല്ലായത് കൊണ്ട് വളർന്നു പന്തലിച്ചില്ല. പകരം ഒരു മാങ്ങാണ്ടി കുഴിച്ചിട്ടിരുന്നുവെങ്കിൽ ഇപ്പോൾ മാങ്ങായെങ്കിലും പറിച്ചു തിന്നാമായിരുന്നു.

തറക്കല്ലിട്ട മുഖ്യന്റെ പാർട്ടി പ്രതിപക്ഷമായപ്പോൾ മെഡിക്കൽ കോളേജിന്റെ തുടർ പ്രവർത്തനം മന്ദഗതിയിലായി. കോവിഡ് മഹാമാരി വന്നപ്പോൾ കാസർകോട് കാരുടെ ആശ്രയമായ മംഗലാപുരം യാത്ര തലപ്പാടിയിൽ മതിൽ കെട്ടി തടഞ്ഞപ്പോഴാണ്, കാസർകോട്ടെ ആരോഗ്യ മേഖയിലെ അവസ്ഥ തിരുവനന്തപുരത്തുള്ളവർ അറിഞ്ഞത്.

മുടന്തിയും ഏന്തിയും പൂർത്തിയായ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ മുൻവശം കാസർകോട് മെഡിക്കൽ കോളേജ് എന്ന ബോർഡു വച്ച് കേരളത്തിലെ മറ്റു മെഡിക്കൽ കോളേജിൽ നിന്ന് കുറച്ചു ഡോക്ടർമാരെയും പാരമെഡിക്കൽ ജീവനക്കാരെയും താൽക്കാലികമായി
പറിച്ചു നട്ട് കോവിഡ് ചികിത്സ തുടങ്ങി.കോവിഡിനെ കുറിച്ചുള്ള ജനങ്ങളുടെ ഭീതി മാറിയപ്പപ്പോൾ, കോവിഡ് ലക്ഷണം ഉള്ളവരുടെ പരിശോധന കുറഞ്ഞപ്പോൾ, കോവിഡ് നിർണയം കുറഞ്ഞപ്പോൾ, പറിച്ചു നട്ടവർ സ്വന്തം തട്ടകത്തിലേക്ക് തിരിച്ചുപോയി. മെഡിക്കൽ കോളേജ് ഒരു അനാഥനെ പോലെയായി.

പിന്നീട് മെഡിക്കൽ കോളേജിനായുള്ള മുറവിളി വീണ്ടുമുയർന്നു. ഒന്ന് രണ്ട് ഡോക്ടറെ വെച്ച് ഒ. പി പരിശോധന തുടങ്ങി. അങ്ങിനെ മെഡിക്കൽ കോളേജിൽ അഡ്മിഷൻ തുടങ്ങാനുള്ള നീക്കം നടന്നു. അപ്പോഴാണ് നാഷണൽ മെഡിക്കൽ മിഷൻ പുതിയ മാനദണ്ഡം നിർബന്ധമാക്കിയത്. മെഡിക്കൽ കോളേജിന് അനുമതി ലഭിക്കണമെങ്കിൽ, മൂന്നു വർഷത്തിൽ കൂടുതലായി,200 കിടക്കൾക് മുകളിൽ കിടത്തി ചികിത്സ നടത്തുന്ന ആശുപത്രി വേണമെന്ന്. മെഡിക്കൽ കോളേജ്ആശുപത്രിക്ക് വേണ്ടി നിർമിക്കുന്ന കെട്ടിടം ഭാർഗവി നിലയം
പോലെ പാതി വഴിയിലാണ്. അതു പൂർത്തിയാക്കി കിടത്തി ചികിത്സതുടങ്ങാൻ ഇനിയും കുറെ വർഷമെങ്കിലുമെടുക്കും.

അപ്പോഴാണ് തിരുവനന്തപുരത്തുള്ളവരുടെ ബുദ്ധി ഉണർന്നത്. ആലോചനായോഗം ചേർന്നു . പുതിയ ഒരു ആലോചനയുമായാണ് വന്നത്.
മെഡിക്കൽ കോളേജിനെ കൊണ്ട് കാസർകോട് ജനറൽ ആശുപത്രിയുമായുള്ള കല്യാണമുറപ്പിക്കുക. ഒന്നും ഒന്നും രണ്ടല്ല ഒന്നാണ് എന്ന് തീരുമാനമായി.

200 ലധികം കിടക്കകളുള്ള ആശുപത്രി വേണമെന്ന നിബന്ധന അങ്ങിനെ മറി കടന്നു. ഞാനും നീയും ചേർന്ന് ഒന്നായി . ജനറൽ ആസ്പത്രിയുടെ പേരു മാറി , ഗവൺമെന്റ് മെഡിക്കൽ കോളേജ് ആസ്പത്രിയായി.
50 കുട്ടികൾക്കു അഡ്മിഷന്നും കൊടുത്തു.

അവിടെ കുട്ടികൾക്കു പഠിക്കാനാവശ്യമായ സൗകര്യങ്ങളോ പഠിപ്പിക്കാൻ ആവശ്യമായ അധ്യാപകരോ ഉണ്ടോ എന്നറിയില്ല. എന്നാലത് കാസറക്കോട്ടെ ജനങ്ങളെ സംബന്ധിച്ച് ഒരു പ്രശ്നവുമല്ല.

മെഡിക്കൽ കോളേജ് കൊണ്ട് കാസറകോടൻ ജനങ്ങൾക്കാവശ്യം മംഗലാപുരത്തും കണ്ണൂർ മെഡിക്കൽ കോളേജിലും പോകാതെ എല്ലാവിധ ചികിത്സയും കിട്ടുന്ന ഒരു ആരോഗ്യ സ്ഥാപനമാണ്. എല്ലാ സ്പെഷ്യാലിറ്റിയും സൂപ്പർ സ്പെഷ്യലിറ്റി ചികിത്സയും ലഭിക്കുന്ന ഒരു മെഡിക്കൽ കോളേജ്.

അല്ലാതെ ഒരു താലൂക് ആശുപത്രി നിലവാരമുള്ള ജനറൽ ആശുപത്രി എങ്ങിനെ മെഡിക്കൽ കോളേജ് ആവും?

കാസർകോട് ജനറൽ ആശുപത്രി സ്റ്റോപ്പിൽ എത്തുമ്പോൾ ബസ് കണ്ടക്ടർക്ക്,കാസർകോട് മെഡിക്കൽ കോളേജിൽ ആളിറങ്ങാനുണ്ടോ എന്നു ചോദിക്കാനുള്ള ഒരു സ്ഥാപനമല്ല വേണ്ടത്.

ഹൃദയാഘാതം വന്ന ഒരു രോഗി കാസർകോട് മെഡിക്കൽ കോളേജിൽ വന്നാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് റെഫർ ചെയ്യാൻ വേണ്ടിയുള്ള ഒരു മെഡിക്കൽ കോളേജ് അല്ല വേണ്ടത്.മറിച്ചു ആഞ്ജിയോപ്ലാസ്റ്റിയും ബൈപാസ് സർജറിയും ചെയ്യാൻ കഴിയുന്ന, തീവ്ര ആസ്തമ രോഗം ബാധിച്ച ഒരു രോഗിക്ക് ചികിത്സ നൽകാൻ പറ്റുന്ന ഒരു മെഡിക്കൽ കോളേജ് ആണ് വേണ്ടത്.

പുതിയ ആരോഗ്യമന്ത്രിയോട് ഒരു വാക്ക്. ആരോഗ്യ മേഖലയുടെ വികസനം എന്നത് വലിയ കെട്ടിടമോ, കെട്ടിടത്തിന്റെ നിറം മാറ്റമോ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാതെ സ്ഥാപനത്തിന്റെ പദവി ഉയർത്തുകയോ പ്രവർത്തി സമയം ദീർഘപ്പിക്കുകയോ ചെയ്യുകയല്ല മെഡിക്കൽ കോളേജിന്റെ ലക്ഷ്യം.

ആശുപത്രിയിൽ തിരക്ക് കൂടി കാത്തു നിന്ന് ക്ഷമ നശിക്കുമ്പോഴാണ്, ആവശ്യത്തിന് ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ഇല്ലാതെ വരുമ്പോഴാണ്, ജനങ്ങൾ വീഡിയോ എടുത്തു സാമൂഹ്യ മാധ്യമങ്ങളിൽ മന്ത്രിമാരെയും ആരോഗ്യവകുപ്പിനെയും ആക്ഷേപിക്കുന്നത്.

ബഡ്ജറ്റിൽ ആരോഗ്യ വകുപ്പിന് നീക്കിവെക്കുന്ന വിഹിതം വർധിപ്പിച്ച് ആരോഗ്യ രംഗം നന്നായി ല്ലെങ്കിൽ മുൻമന്ത്രിക്കു കിട്ടിയ പഴികളെല്ലാം തിരിച്ചു വാങ്ങേണ്ടി വരും. ഭീതി വേണ്ട ജാഗ്രത മതി.
പഴി കിട്ടാതിരിക്കാൻ ദൈവം സഹായിക്കട്ടെ .

പിൻകുറിപ്പ്:പുതിയ ആരോഗ്യ മന്ത്രി ആരോഗ്യത്തോടൊപ്പം ദേവസ്വവകുപ്പും കൂടി എടുത്തത് മറ്റെന്തോ കണ്ടിട്ടാണെന്നുറപ്പ്. സർക്കാർ ആശുപത്രികളെ ചികിൽസിച്ചു നേരെയാക്കാൻ പറ്റിയില്ലെങ്കിൽ ദൈവത്തോട് പ്രാർത്ഥിച്ചു നേരെയാക്കാമെന്ന വിശ്വാസം കൊണ്ടായിരിക്കും.
ദേവസ്വം മാറി കായിക വകുപ്പെന്നും കേൾക്കുന്നു. എങ്കിൽ ആരോഗ്യപ്രവർത്തകർക്ക് രോഗികളിൽ നിന്നും കൂട്ടിനു വരുന്നവരിൽ നിന്നും കിട്ടുന്ന അടി, കത്തി കുത്ത്, വെടിവെപ്പ് എന്നിവ തടയാനുള്ള കായികഭ്യാസം കൂടി പഠിപ്പിക്കാൻ ഉതകും

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page