നിലമ്പൂര്‍: അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കാമുകിക്കൊപ്പം ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. വണ്ടൂര്‍ വടക്കേകര തുള്ളിശ്ശേരി ഷാഹുല്‍ ഹമീദിനെ (40) ആണ് കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കാമുകിയുടെ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയില്‍ പൊലീസ് പോക്‌സോ നിയമപ്രകാരവും കേസെടുത്തു.
അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിപ്പിക്കുകയും മുറിയില്‍ പൂട്ടിയിട്ട് കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണിതിരുകി മര്‍ദ്ദിച്ച് പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് ദേഹത്ത് ആഴത്തില്‍ മുറിവേല്‍പ്പിച്ചുവെന്നുമുള്ള ഭാര്യയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പിന്നീട് അപകടത്തില്‍ പരിക്കേറ്റതാണെന്നു പറഞ്ഞ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു.
രണ്ടാം പ്രതിയായ കാമുകി വിവാഹമോചിതയും മൂന്ന് പെണ്‍കുട്ടികളുടെ മാതാവുമാണ്. കാമുകിയുടെ മക്കളില്‍ ഒരാള്‍ക്ക് നേരെ ജനുവരിയില്‍ ഷാഹുല്‍ അതിക്രമം നടത്തിയെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. മജിസ്‌ട്രേട്ട് മുന്‍പാകെ കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. കുട്ടികളുടെ പിതാവ് ഷാഹുലിനെതിരെ ചൈല്‍ഡ് ലൈനിനും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. പിന്നാലെ കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.
ഷാഹുലിന് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് യൂണിഫോമില്‍ ആള്‍മാറാട്ടം നടത്തിയിട്ടുണ്ടെന്നും ഭാര്യ ആരോപിച്ചിരുന്നു. തെളിവായി യൂണിഫോം ധരിച്ചുനില്‍ക്കുന്ന ഷാഹുലിന്റെ ഫോട്ടോയും ഹാജരാക്കി. ഇതു സംബന്ധിച്ച അന്വേഷണത്തിന് നിലമ്പൂര്‍ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി.






