പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

കാസര്‍കോട്: കേരള-കര്‍ണാടക പൊലീസിന്റെ നോട്ടപ്പുള്ളി മാത്രമല്ല തമിഴ്‌നാട്, കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയായ രാജന്‍ എന്ന അണ്ണാച്ചി രാജന്‍. കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലായി 30ല്‍പ്പരം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ രാജന്‍ പൊലീസിന്റെ പേടി സ്വപ്നമാണ്. ഇയാൾ ജയിലില്‍ നിന്നു ഇറങ്ങിയാല്‍ എവിടെയെങ്കിലും പൊങ്ങി കവര്‍ച്ച നടത്തുമെന്ന കാര്യത്തില്‍ പൊലീസിന്റെ ഇടയില്‍ രണ്ടഭിപ്രായമില്ല.
ഒരിക്കലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണ് രാജന്‍. അതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തുക പ്രയാസമാണ്. കവര്‍ച്ച നടത്തുന്നതിന് വലിയ ആയുധബലം ഒന്നും ആവശ്യമില്ലാത്ത ആള്‍ കൂടിയാണ് ഇയാള്‍. ഒരു പിക്കാസ് കിട്ടിയാല്‍ ഏതു വാതിലും ഇയാള്‍ക്ക് മുന്നില്‍ തുറക്കും. പൂട്ട് തകര്‍ക്കുന്നതിന് പകരം വാതില്‍ തന്നെ തകര്‍ക്കുക എന്നതാണ് ഇയാളുടെ കവര്‍ച്ച രീതി.
അതേ പിക്കാസ് തന്നെയാണ് അലമാരകള്‍ തകര്‍ക്കാനും ഉപയോഗിക്കുക. വാതിലും അലമാരയും തകര്‍ക്കുമ്പോള്‍ വലിയ ശബ്ദം ഉണ്ടാകാതെ നോക്കാനും രാജന് പ്രത്യേക കഴിവുണ്ട്. കവര്‍ച്ചാ മുതലുമായി രായ്ക്കുരാമാനം, സ്ഥലം വിട്ട് കര്‍ണാടകയിലോ തമിഴ്‌നാട്ടിലോ എത്തി ആര്‍ഭാട ജീവിതം നയിക്കുകയാണ് ഇയാളുടെ രീതി.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൂച്ചക്കാട്, അരയാല്‍ തറയിലെ അബ്ദുല്‍ മജീദിന്റെ വീട്ടില്‍ മെയ് 9നാണ് 45 പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും മോഷണം പോയത്. പ്രസ്തുത കേസിന്റെ അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ കവര്‍ച്ച നടത്തിയത് രാജന്‍ ആയിരിക്കുമെന്ന നിഗമനത്തിലായിരുന്നു ബേക്കല്‍ ഡിവൈ.എസ്പി എംപി ആസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം. അബ്ദുല്‍ മജീദിന്റെ വീട്ടില്‍ കവര്‍ച്ച നടന്ന ദിവസം സമീപത്തെ മറ്റൊരു വീട്ടിലും കവര്‍ച്ചാ ശ്രമം നടന്നിരുന്നു. വീടിനു സമീപത്തെ ചെളിക്കെട്ടില്‍ പൂണ്ട നിലയില്‍ കാണപ്പെട്ട വള്ളിച്ചെരുപ്പും പൂച്ചക്കാട് കവര്‍ച്ചക്ക് പിന്നില്‍ രാജന്‍ ആണെന്ന സംശയം ബലപ്പെടുത്തിയിരുന്നു. ഷൊര്‍ണൂരില്‍ നടന്ന മറ്റൊരു കവര്‍ച്ചാ കേസില്‍ അറസ്റ്റിലായപ്പോഴാണ് പൂച്ചക്കാട്ടെ കവര്‍ച്ചക്ക് തുമ്പായത്. റിമാന്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായി ചോദ്യംചെയ്ത് പൂച്ചക്കാട്ടില്‍ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസിന്റെ നീക്കം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page