വിവാഹവാഗ്ദാനം നല്‍കി നാലുവര്‍ഷം പീഡനം; 7പവന്‍ സ്വര്‍ണവും 9ലക്ഷം രൂപയും കൈക്കലാക്കി; യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മണക്കാട്ടെ സച്ചിന്‍കുമാറി(32)നെയാണ് പൊലീസ് അറസ്റ്റുചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി നാലുവര്‍ഷം പീഡിപ്പിക്കുകയും ഏഴുപവന്‍ സ്വര്‍ണവും ഒന്‍പതുലക്ഷം രൂപയും കൈക്കലാക്കുകയും ചെയ്തുവെന്നാണ് 29 കാരിയുടെ പരാതി.

യുവാവ് മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുമ്പോഴാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 2022 മുതല്‍ 2026 ജനുവരിവരെ ഇയാള്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനിടയില്‍ കഴിഞ്ഞ മാര്‍ച്ച് 30-ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹം കഴിക്കാമെന്ന് യുവതിക്ക് ഉറപ്പുനല്‍കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അന്നേദിവസം യുവതിയും ബന്ധുക്കളും വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയെങ്കിലും സച്ചിന്‍കുമാര്‍ എത്തിയിരുന്നില്ല.

അടുത്ത സുഹൃത്ത് തിരുവല്ലത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചു എന്നാണ് യുവാവ് വധുവിനേയും ബന്ധുക്കളേയും അറിയിച്ചത്. പിന്നീടാണ് സച്ചിന്‍ പേരൂര്‍ക്കട സബ് രജിസ്ട്രാര്‍ ഓഫീസില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ പോകുന്ന വിവരം പരാതിക്കാരി അറിയുന്നത്. ഇതോടെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിനല്‍കിയതിന് പിന്നാലെ സച്ചിന്‍കുമാര്‍ ബെംഗളൂരുവിലേക്ക് കടന്നു.

ഇക്കാര്യം അറിയാനിടയായ പൊലീസ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും റെയില്‍വേ പൊലീസിലും വിവരം കൈമാറിയിരുന്നു. തുടര്‍ന്ന് പാലക്കാട്ടുവെച്ച് തീവണ്ടിയില്‍ നിന്ന് റെയില്‍വേ പൊലീസ് സച്ചിനെ തടഞ്ഞുവെച്ച് വിവരം വിഴിഞ്ഞം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page