കൊച്ചി, മലയിടം തുരുത്തില്‍ പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം; സംഘര്‍ഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; ആഭ്യന്തര മന്ത്രി ഇടപെട്ടതോടെ പൊലീസ് പിന്‍വാങ്ങി

കൊച്ചി: മലയിടം തുരുത്തിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ ഒളിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള ശ്രമം വലിയ സംഘര്‍ഷത്തില്‍ കലാശിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഇടപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് നടപടി നിര്‍ത്തിവച്ച് മടങ്ങി.
ഏഴ് കുടുംബങ്ങളും സ്വകാര്യ കമ്പനിയും തമ്മില്‍ 60 വര്‍ഷമായി ഭൂമി തര്‍ക്കം നിലവിലുണ്ട്. തര്‍ക്കത്തില്‍ കമ്പനിക്ക് അനുകൂലമായാണ് അന്തിമ വിധി ഉണ്ടായത്. വിധി നടപ്പിലാക്കുന്നതിനു ഇതിനു മുമ്പ്15 തവണ ശ്രമം നടന്നിരുന്നു. അന്നൊക്കെ ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് അധികൃതര്‍ മടങ്ങിയിരുന്നു.
ബുധനാഴ്ച അഭിഭാഷക കമ്മീഷനും വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. ഇതോടെ പ്രതിഷേധക്കാര്‍ പൊലീസിനെ തടഞ്ഞു. ഉച്ചവരെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നു. ഉച്ചകഴിഞ്ഞ് പൊലീസ് നടപടി ശക്തമാക്കിയതോടെ പ്രതിഷേധക്കാരില്‍ ഒരാള്‍ തലയില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം ശക്തമായി തുടരുന്നതിനിടയില്‍ അഭിഭാഷക കമ്മീഷന്‍ വീടുകളില്‍ കയറി നോട്ടീസ് പതിക്കാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിനു ഇടയാക്കി. പ്രശ്‌നം കൈവിട്ടു പോകുമെന്ന അവസ്ഥ എത്തിയതോടെ ആഭ്യന്തര മന്ത്രി, ഡി ജി പിയെ വിളിച്ച് നടപടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആര്‍ കെ വെഞ്ചേര്‍സ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ എം കുര്യാക്കോസ് ആണ് കേസിലെ പരാതിക്കാരന്‍. തുരുത്തിലെ 2.65 ഏക്കര്‍ ഭൂമിയെ ചൊല്ലിയാണ് തര്‍ക്കം. പുരനരധിവാസം നടത്തിയാല്‍ സ്ഥലത്തു നിന്നു മാറാമെന്നാണ് കുടുംബങ്ങളുടെ നിലപാട്. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്നു അതിനുള്ള നടപടി ഉണ്ടായിട്ടില്ലെന്നു പ്രതിഷേധക്കാര്‍ ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page