കാസര്‍കോട്: കോഴി ഇറച്ചിയുടെ തൂക്കം കുറഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ ജാതിപ്പേര് വിളിച്ച് അക്രമിച്ചതായി പരാതി. ഉക്കിനടുക്ക സ്വദേശി ശിവപ്രകാശ്(21) ആണ് അക്രമത്തിന് ഇരയായത്. സംഭവത്തില്‍ ബദിയടുക്കയിലെ ഐഡിയല്‍ ചിക്കന്‍ സെന്റര്‍ ഉടമ രവീന്ദ്രഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ചിക്കന്‍ സെന്ററിലെ ജീവനക്കാരനായ ശിവപ്രകാശാണ് എപ്പോഴും സ്റ്റാളില്‍ കോഴി എത്തിച്ചിരുന്നത്. ചൊവ്വാഴ്ച കോഴിയുടെ തൂക്കത്തില്‍ വ്യത്യാസം കണ്ടതോടെ ഉടമയുമായി വാക്ക് തര്‍ക്കം നടന്നിരുന്നു. പിന്നീട് ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ചുവെന്നും കൈനഖം ഉപയോഗിച്ച് കഴുത്തിന് കുത്തിയെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബദിയടുക്ക പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








