അച്ഛന്റെ ഷുഗറിനുള്ള ഗുളികകള്‍ അമിതമായി കഴിച്ച് മകന്‍ മരിച്ചു

കാസര്‍കോട്: അച്ഛന്റെ ഷുഗറിനുള്ള ഗുളികകള്‍ അമിതമായി കഴിച്ച് മകന്‍ മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെസ്റ്റ് എളേരി, പുങ്ങംചാല്‍, കാഞ്ഞിരുത്തുങ്കാലിലെ രാജു കുര്യന്റെ മകന്‍ ജിന്‍സ് രാജ് (28) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെയ് 18നാണ് ജിന്‍സ് രാജിനെ വീട്ടിനകത്ത് കുഴഞ്ഞു വീണ നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കള്‍ വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് അമിതമായി മരുന്നു അകത്തു ചെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ ഷുഗറിനുള്ള ഗുളികയുടെ ഒഴിഞ്ഞ കവറുകള്‍ കണ്ടെത്തിയിരുന്നു. ജിന്‍സ് അമിത മദ്യപാനിയാണെന്ന് പിതാവ് രാജുകുര്യന്‍ വെള്ളരിക്കുണ്ട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അമിതമായി മദ്യപിച്ചെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതു കാരണം രാജു കുര്യനും ഭാര്യയും കര്‍ണ്ണാടകയില്‍ താമസിച്ച് ടാപ്പിംഗ് ജോലി ചെയ്തു വരികയാണ്. മകള്‍ ജിന്‍സി രാജ് തളിപ്പറമ്പില്‍ ജോലി ചെയ്യുകയാണെന്നും അവിടെ തന്നെയാണ് താമസമെന്നും പരാതിയില്‍ പറഞ്ഞു. ജിന്‍സ് രാജിന്റെ മരണത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page