കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാര്‍പ്പിനടുക്കയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികളെയും കൊണ്ട് കര്‍ണ്ണാടക, പുത്തൂരില്‍ പൊലീസ് തെരച്ചില്‍ തുടങ്ങി. കൊലപാതകത്തിനു ഉപയോഗിച്ച കത്തി പുത്തൂരില്‍ ഉപേക്ഷിച്ചുവെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ ആരംഭിച്ചത്. ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലാണ് തെരച്ചില്‍.
മാര്‍പ്പിനടുക്ക സ്വദേശിയും കുംബഡാജെ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനുമായ സുരേഷ് (42) ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് രാത്രിയില്‍ കൊലപാതകത്തില്‍ കലാശിച്ചത്.
കുംബഡാജെ ബാങ്കിനു സമീപത്തു വച്ചാണ് സുരേഷ് കുത്തേറ്റ് മരിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളായ കുംബഡാജെ, മയില്‍ത്തൊട്ടിയിലെ കിരണ്‍ (30), കറുവത്തടുക്കയിലെ അഖിലേഷ് (25) എന്നിവരെ എ എസ് പി അച്യുത് അശോകിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റു ചെയ്തിരുന്നു. പ്രതികളെ ബദിയഡുക്കയില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിനു ഉപയോഗിച്ച കത്തി പുത്തൂരില്‍ ഉപേക്ഷിച്ചതായുള്ള മൊഴി നല്‍കിയത്. ഇതു പ്രകാരമാണ് പ്രതികളെ ചൊവ്വാഴ്ച പുത്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങിയത്.







