കോഴിക്കോട്: അമിതലാഭം വാഗ്ദാനം ചെയ്ത് വാട്‌സാപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പില്‍ കോഴിക്കോട് സ്വദേശിക്ക് 92 ലക്ഷത്തിലധികം രൂപ നഷ്ടമായതായി പരാതി. 61 കാരനായ മാളിക്കടവ് സ്വദേശിക്കാണ് പണം നഷ്ടമായത്. ഓഹരി വിപണിയില്‍ നിക്ഷേപിച്ച് അമിതലാഭം നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് ഓണ്‍ലൈന്‍ സംഘം പണം തട്ടിയെടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്. മാര്‍ച്ച് പത്തിനും ഈ മാസം നാലിനും ഇടയില്‍ വാട്‌സാപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.
വാട്‌സാപ് ഗ്രൂപ്പുകളിലൂടെയും വിവിധ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചും ഓഹരി നിക്ഷേപമെന്ന പേരില്‍ ഇദ്ദേഹത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി വിവിധ അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ സംഘം ആവശ്യപ്പെടുകയായിരുന്നു. ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനുമായി കോഴിക്കോട് സൈബര്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. പരാതിക്കാരനില്‍നിന്നു ലഭിച്ച വാട്‌സാപ് ഗ്രൂപ്പുകളുടെ പേരുകള്‍, മൊബൈല്‍ നമ്പറുകള്‍, ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച ആപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് സൈബര്‍ പൊലീസ് അറിയിച്ചു.






