ഉപ്പള, സോങ്കാലിലെ മയക്കുമരുന്നുവേട്ട: മുഖ്യഏജന്റിനെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നു പിടികൂടി; ആക്ഷന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം

കാസര്‍കോട്: ഉപ്പള, സോങ്കാലില്‍ കാറില്‍ കടത്തുന്നതിനിടയില്‍ 53.580 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ യുവാവിനെ പൊലീസ് സിനിമാസ്‌റ്റൈലില്‍ പിടികൂടി. കോഴിക്കോട് സ്വദേശി ഗോഡ്‌വിന്‍ ചാക്കോ (33)യെ ആണ് ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്, എസ് ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കോഴിക്കോട്, തിരുവമ്പാടി പൊന്നമംഗലം സ്വദേശിയായ ഗോഡ്‌വിന്‍ ചാക്കോ ഇപ്പോള്‍ കര്‍ണ്ണാടക, മാണ്ട്യയിലാണ് താമസം.
2026 ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ സോങ്കാലില്‍ വച്ച് കാറില്‍ കടത്തുകയായിരുന്ന 53 ഗ്രാം എം ഡി എം യുമായി മംഗല്‍പ്പാടി, അമ്പാര്‍പള്ളം, മാസിദ മഹലില്‍ ഇദ്ദീന്‍ കുഞ്ഞി ഇര്‍ഷാദി (34)നെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് എം ഡി എം എ കൈമാറിയത് ഗോഡ്‌വിന്‍ചാക്കോ ആണെന്ന വിവരം പൊലീസിനു ലഭിച്ചത്. അതിനു ശേഷം ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ മൈസൂരുവില്‍എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം കഴിഞ്ഞ ദിവസമാണ് ജില്ലാ പൊലീസ് മേധവിക്കു ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം ഞായറാഴ്ച്ച രാത്രി മൈസൂരിവില്‍ എത്തി പ്രതിയെ കണ്ടെത്തി. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടയില്‍ പൊലീസിനെ തള്ളി മാറ്റിയ ഗോഡ്‌വിന്‍ ചാക്കോ റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറുമായി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വിടില്ലെന്ന വാശിയില്‍ പൊലീസ് സംഘം കാറിനെ പിന്തുടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട ഓട്ടത്തിനിടയില്‍ മടിക്കേരിയില്‍ വച്ച് പൊലീസ് സംഘം സഞ്ചരിച്ച വാഹനം റോഡിനു കുറുകെയിട്ടാണ് കാര്‍ തടഞ്ഞു നിര്‍ത്തിയത്. ഗോഡ്‌വിന്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചുവെങ്കിലും അതിനു മുമ്പു തന്നെ പൊലീസ് സംഘം പ്രതിയെ കീഴടക്കിയിരുന്നു. കാറും കസ്റ്റഡിയിലെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് അറസ്റ്റു രേഖപ്പെടുത്തുന്നതോടെ കാസര്‍കോട് ജില്ലയിലേയ്ക്ക് മയക്കുമരുന്ന് എത്തുന്നതിന്റെ പ്രധാന വഴികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പ്രതിയെ പിടികൂടിയ സംഘത്തില്‍ എ എസ് ഐ സുധീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ കിഷോര്‍, ഡ്രൈവര്‍ ജാബിര്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page