സീതാംഗോളിയില്‍ പട്ടാപ്പകല്‍ യുവാവിനെ അടിച്ചുകൊന്ന കേസ്: രണ്ടാം പ്രതിയായ വ്യാപാരി അറസ്റ്റില്‍

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളിയില്‍ യുവാവിനെ പട്ടാപ്പകല്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. ബദിയഡുക്ക, നെക്രാജെ സ്വദേശിയും സീതാംഗോളിയിലെ സിദ്ധിവിനായക അനാദി ഷോപ്പ് ഉടമയുമായ അരുണ്‍ കുമാര്‍ എന്ന ഭരതി (33)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്, എസ് ഐ മാരായ സി സനിത്, അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ഏപ്രില്‍ 28ന് വൈകുന്നേരം മൂന്നു മണിയോടെ നീര്‍ച്ചാല്‍, ബാപ്പാലിപ്പൊനം കുണ്ടിക്കാനയിലെ സഫാഹിദ് എന്ന ഷഫായത്ത് (35) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. സീതാംഗോളി, ബിവറേജ് ഷോപ്പിനു സമീപത്തെ കെട്ടിടത്തിന്റെ പിന്‍ഭാഗത്താണ് ഷഫായത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മുഖ്യപ്രതിയായ കുമ്പള, നായ്ക്കാപ്പ്, കോട്ടേക്കാറിലെ ശ്രീനിവാസ (39)യെ മണിക്കൂറുകൾക്കകംഅറസ്റ്റു ചെയ്തിരുന്നു. കൊലപാതകം നടന്നതിനു തലേദിവസം ഷഫായത്തും ശ്രീനിവാസനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. അന്ന് ശ്രീനിവാസയുടെ കൈ ഷഫായത്ത് പിടിച്ച് തിരിച്ച് ഉപദ്രവിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.
റിമാന്റില്‍ കഴിഞ്ഞിരുന്ന ശ്രീനിവാസയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ‘ചെയ്തപ്പോഴാണ് അരുണ്‍ കുമാറിനു കേസുമായുള്ള ബന്ധം പുറത്തു വന്നതെന്നു പൊലീസ് പറഞ്ഞു. കൈപിടിച്ച് തിരിച്ചതിന്റെ പ്രതികാരമായി ഷഫായത്തിന്റെ കൈയില്‍ അടിക്കാന്‍ നിര്‍ദ്ദേശിച്ചത് അരുണ്‍കുമാര്‍ ആണെന്നും ലക്ഷ്യം തെറ്റി അടി തലയില്‍ ആയതാണ് മരണത്തിനു ഇടയാക്കിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page