യു.എസ്-ഇറാൻ തർക്കം മുറുകുന്നു: ഇറാനെതിരെ ഡോണൾഡ് ട്രംപിന്റെ പുതിയ യുദ്ധഭീഷണികളും നീക്കങ്ങളും ആഗോളതലത്തിൽ ആശങ്ക പരത്തുന്നു. അമേരിക്കയിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടുന്ന പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി പുതിയ നിയമങ്ങൾ കൊണ്ടുവരാൻ ഇറാൻ ഒരുങ്ങുന്നതായാണ് സൂചന.
പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമം: പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനും സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി നേരിട്ട് ഇറാനിലെത്തി. യു.എസ് നൽകിയ ചില സമാധാന നിർദേശങ്ങൾക്കുള്ള ഇറാന്റെ മറുപടി പാകിസ്ഥാൻ വഴിയാണ് കൈമാറിയിരിക്കുന്നത്.
യു.എ.ഇയുടെ നിലപാട്: ഇറാനെതിരെ കടുത്ത വിമർശനവുമായി യു.എ.ഇ രംഗത്തെത്തി. ആരുടെയും സംരക്ഷണത്തിനായി കാത്തുനിൽക്കില്ലെന്നും ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും യു.എ.ഇ വ്യക്തമാക്കി.
ഇതിനിടെ ഹോർമുസ് പ്രതിസന്ധി മറികടക്കാൻ ഫുജൈറ വഴിയുള്ള ബദൽ എണ്ണ പൈപ്പ്‌ലൈൻ നിർമാണം യു.എ.ഇ വേഗത്തിലാക്കി.
ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു: ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് സൈനിക കമാൻഡർ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടു.
റഷ്യ-യുക്രെയ്ൻ യുദ്ധം
സമാധാന ചർച്ചയ്ക്ക് വഴിതുറക്കുന്നു: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അറിയിച്ചു. യുദ്ധം അവസാനിക്കുന്നതിന്റെ തുടക്കമാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരിച്ചു.
ഇരുരാജ്യങ്ങളും താൽക്കാലിക വെടിനിർത്തലിന് ധാരണയായതായും റിപ്പോർട്ടുകളുണ്ട്.
ഔദ്യോഗിക സന്ദർശനം കഴിഞ്ഞ് ചൈനയിൽ നിന്നും മടങ്ങിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും ചൈന നൽകിയ ഉപഹാരങ്ങളും ഫോണുകളും വിമാനത്താവളത്തിൽ തന്നെ ഉപേക്ഷിച്ചു. ചൈനീസ് ചാരസംവിധാനങ്ങളെക്കുറിച്ചുള്ള കർശന സുരക്ഷാ മുന്നറിയിപ്പുകളെ തുടർന്നാണ് ഈ അസാധാരണ നടപടി.
ബോയിംഗ് വിമാനങ്ങൾക്ക് ഓർഡർ: ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി ഏകദേശം 500 ബോയിംഗ് ജെറ്റുകൾ വാങ്ങുന്നതിനായുള്ള വൻ കരാർ ചൈനയുമായി ചർച്ച ഘട്ടത്തിലാണ്. 10 വർഷത്തിന് ശേഷമാണ് ബോയിംഗിന് ചൈനയിൽ നിന്ന് ഇത്രയും വലിയ ഓർഡർ ലഭിക്കുന്നത്.
തായ്‌ലൻഡിൽ വൻ ട്രെയിൻ അപകടം: ബാങ്കോക്കിൽ ചരക്കുതീവണ്ടി ബസിലിടിച്ച് ഉണ്ടായ വൻ ദുരന്തത്തിൽ 8 പേർ മരണപ്പെടുകയും 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹാന്റവൈറസ് ഭീതി: ലോകത്ത് വീണ്ടും ഹാന്റവൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദേശം നൽകി.
ആദ്യ റോബോട്ട് ബുദ്ധസന്യാസി: ആത്മീയ ലോകത്തും കൃത്രിമബുദ്ധി തരംഗമാകുന്നു. ലോകത്തിലെ ആദ്യ റോബോട്ട് ബുദ്ധസന്യാസിയെ ദക്ഷിണ കൊറിയയിൽ അവതരിപ്പിച്ചു.
നീറ്റ് ചോർച്ചയിൽ വലിയ അഴിച്ചുപണി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായ സാഹചര്യത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ കേന്ദ്ര സർക്കാർ വൻ അഴിച്ചുപണി നടത്തി. അന്വേഷണങ്ങളുടെയും പ്രതിപക്ഷ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ നാല് പുതിയ ഉദ്യോഗസ്ഥരെയാണ് കേന്ദ്രം നിയമിച്ചിരിക്കുന്നത്. ചോദ്യപ്പേപ്പർ വാങ്ങിയതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സുപ്രീം കോടതിയിൽ പുതിയ പരിഷ്കാരം: സുപ്രീം കോടതി നടപടികൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ പൂർണ്ണമായും വീഡിയോ കോൺഫറൻസിംഗിലേക്ക് മാറ്റാൻ തീരുമാനിച്ചു. കൂടാതെ ഇന്ധനം ലാഭിക്കുന്നതിനായി ജഡ്ജിമാർ കാർപൂളിംഗ് (ഒരുമിച്ച് യാത്ര ചെയ്യൽ) നടത്തുമെന്നും കോടതി വ്യക്തമാക്കി.
കേന്ദ്രമന്ത്രിയുടെ മകൻ അറസ്റ്റിൽ: പോക്സോ കേസിൽ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി സായ് ഭഗീരഥ് ഹൈദരാബാദിൽ പോലീസിന്റെ പിടിയിലായി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്.
സിബിഎസ്ഇ പാഠ്യപദ്ധതിയിൽ മാറ്റം: 9, 10 ക്ലാസുകളിൽ ഇനി മുതൽ 3 ഭാഷകളുടെ പഠനം സിബിഎസ്ഇ നിർബന്ധമാക്കി. ഇതിൽ രണ്ട് ഇന്ത്യൻ ഭാഷകൾ ഉണ്ടായിരിക്കണം. ഒപ്പം വിദേശ ഭാഷകൾ പഠിക്കാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും.
സാമ്പത്തിക – വാണിജ്യ വാർത്തകൾ
വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം: രാജ്യത്തേക്ക് വെള്ളി ബാറുകൾ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ വെള്ളി ഇറക്കുമതി ചെയ്യാൻ പ്രത്യേക സർക്കാർ അനുമതി (പെർമിറ്റ്) നിർബന്ധമാക്കും.
സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ 10 ശതമാനമായി ഉയർത്തി.
ജനസംഖ്യ കൂട്ടാൻ ആന്ധ്രയുടെ ആനുകൂല്യം: സംസ്ഥാനത്ത് ജനനനിരക്ക് വർധിപ്പിക്കുന്നതിനായി പുതിയ പ്രഖ്യാപനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കുടുംബത്തിൽ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും, നാലാമത്തെ കുട്ടിക്ക് 40,000 രൂപയും സാമ്പത്തിക സഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ഔദ്യോഗിക കസേരയിലെ പരമ്പരാഗത ‘വെള്ള ടവൽ’ ഒഴിവാക്കി വിഐപി സംസ്കാരത്തിന് മാറ്റം കുറിച്ചു.
ഒരു കൗമാര പരിസ്ഥിതി പ്രവർത്തകയുടെ അഭ്യർത്ഥന മാനിച്ചാണ് ഈ മാറ്റം.
ചോള കാലത്തെ ചെമ്പുതകിടുകൾ ഇന്ത്യക്ക് തിരികെ ലഭിച്ചു: നെതർലൻഡ്‌സ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 1000 വർഷം പഴക്കമുള്ള ചോള രാജവംശത്തിന്റെ ചരിത്രപ്രധാനമായ ചെമ്പുതകിടുകൾ (ലൈഡൻ പ്ലേറ്റ്സ്) നെതർലൻഡ്സ് സർക്കാർ കൈമാറി. 2012 മുതൽ ഇവ തിരിച്ചുപിടിക്കാനായി ഇന്ത്യ ശ്രമിച്ചുവരികയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റികളിൽ ശക്തമായ വിലയിരുത്തലുകളും വിമർശനങ്ങളും തുടരുന്നു. എറണാകുളത്തെ പരാജയത്തെക്കുറിച്ചും, ആലപ്പുഴയിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടും യോഗങ്ങളിൽ നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതായാണ് റിപ്പോർട്ട് .
മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള നിർണായക യുഡിഎഫ് യോഗം ഇന്ന് നടക്കും.
തിരുവനന്തപുരം കവടിയാറിൽ മധുവിധു യാത്രയ്ക്കിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി ആഷിക് സാനു (29) മരണപ്പെട്ടു. അപകടദിവസം തന്നെ ഇയാളുടെ ഭാര്യ നൗഷിജ മരിച്ചിരുന്നു. ഭാര്യയുടെ മരണവിവരം അറിയാതെയാണ് ആഷിക്കും യാത്രയായത്.
ഓടയിൽ വീണ് മരണം: ആലപ്പുഴയിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടായ റോഡിലെ മൂടിയില്ലാത്ത ഓടയിൽ വീണ് ഒരു യുവാവ് മരണപ്പെട്ടു.
പ്ലസ് ടു ഫലം മെയ് 22-ന്: കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മെയ് 25 മുതൽ സ്വീകരിച്ചു തുടങ്ങും.
വസിഷ്ഠിന് മിന്നും വിജയം: ‘മിന്നൽ മുരളി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാലതാരം വസിഷ്ഠ് കെ.എൽ. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം കരസ്ഥമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ക്ലബ്ബിന്റെ തുടർപ്രവർത്തനങ്ങളെയും അടച്ചുപൂട്ടലിനെയും കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.






