ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കി

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കി. ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോയി മടങ്ങിവരുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അപകട സമയത്ത് കാറിന്റെ പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു സോന (27). ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ സോനയെ പിറകിലെ സീറ്റില്‍ ഇരുത്തിയതാണ് ബന്ധുക്കള്‍ക്ക് സംശയത്തിന് ഇടനല്‍കുന്നത്. പ്രണയിച്ച് വിവാഹിതരായ ഇരുവര്‍ക്കും വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിശേഷമുണ്ടാകുന്നത്. അതിന്റെ സന്തോഷത്തിലായിരുന്നു സോന.

അപകടത്തിന് പിന്നാലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് അധികൃതര്‍ പറഞ്ഞതും ബന്ധുക്കള്‍ക്ക് സംശയത്തിന് ഇട നല്‍കുന്നു. കാറിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നെങ്കില്‍ തീ മുന്‍ഭാഗത്തു നിന്നാകും പടരുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം സംശയത്തിന് ഇട നല്‍കുന്നുവെന്നാണ് കുടുംബം പറയുന്നത്. അപകടത്തിന്റെ യഥാര്‍ഥ കാരണം പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കാറിന്റെ വൈദ്യുത വയറിങ്ങിലോ ഇന്ധന ടാങ്കിലോ തകരാറുകള്‍ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്നാണ് അന്വേഷണസംഘം പറയുന്നത്.

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുള്ള തീപിടിത്തമെങ്കില്‍ കാര്‍ ഇത്രയും വേഗത്തില്‍ പൂര്‍ണമായി കത്തിനശിക്കില്ലെന്നാണ് സോനയുടെ അമ്മാവന്‍ സത്യന്‍ പറയുന്നത്. കാറിനുള്ളില്‍ അപകടകരമായ എന്തെങ്കിലും വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം സംശയിക്കുന്നു. രജിന്‍ ലാലിനെ സംശയമുണ്ടെന്നും പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണെന്നും സത്യന്‍ വ്യക്തമാക്കി.

സാമൂഹികമാധ്യമങ്ങളിലൂടെയാണ് രജിന്‍ ലാലും സോനയും പരിചയപ്പെട്ടത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ രജിന്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ സോന ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടാണ് വിവാഹം നടന്നത്.

അപകടസമയത്ത് വലിയ പൊട്ടിത്തെറി ഉണ്ടായതായി സമീപവാസികള്‍ പറഞ്ഞു. പിന്നിലെ വാതില്‍ ലോക്കായിരുന്നതിനാല്‍ സോനയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്ന സമീപവാസിയുടെ മൊഴിയും സംശയം വര്‍ധിപ്പിക്കുന്നു. അപകടത്തില്‍ അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ രജിന്‍ ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമായതിനാല്‍ അദ്ദേഹത്തിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page