സത്യപ്രതിജ്ഞ: നാളെ രാവിലെ 10 മണിക്ക്; തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ നാളെ (തിങ്കള്‍) രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഉണ്ടാവുക. കോണ്‍ഗ്രസിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാരും മുസ്ലിംലീഗിന് 5 മന്ത്രിമാരുമുണ്ട്. മറ്റു ഘടകകക്ഷികള്‍ക്ക് ഓരോ മന്ത്രിമാരും ഉണ്ടാവും. മന്ത്രിമാരുടെ പൂര്‍ണ്ണമായ ലിസ്റ്റ് 2:00 മണിക്ക് മുമ്പ് എത്തിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 30,000പേര്‍ക്കിരിക്കാവുന്ന പന്തലും സൗകര്യങ്ങളും ഏര്‍പ്പെടുത്തി കഴിഞ്ഞു. വേദിയിലേക്കുള്ള പ്രവേശനത്തിന് വിവിഐപിമാര്‍ക്കും മറ്റു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രമുഖ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും പ്രത്യേക കവാടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന പാര്‍ക്കിങ്ങിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. നാളെ രാവിലെ 7 മണി മുതല്‍ ചടങ്ങുകള്‍ തീരുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരും.

അതേ സമയം ഗവര്‍ണര്‍ക്കു മന്ത്രിമാരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിനുള്ളില്‍ മന്ത്രി സ്ഥാനം സംബന്ധിച്ചു വിവാദം കെട്ടടങ്ങാതെ നില്‍ക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്പീക്കര്‍ സ്ഥാനം വേണ്ടെന്നും മന്ത്രിസ്ഥാനം മതിയെന്നും ആവശ്യം തുടരുകയാണ്. ഷാനിമോള്‍ ഉസ്മാനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണ്ടെന്നും മന്ത്രിസ്ഥാനം മതിയെന്നും ആവശ്യമുയര്‍ന്നു. ഇവര്‍ക്കു മന്ത്രി സ്ഥാനം നല്‍കണമെങ്കില്‍ കോണ്‍ഗ്രസ് വനിതാ മന്ത്രിയായി തീരുമാനിച്ചിട്ടുള്ള ബിന്ദു കൃഷ്ണയെ മാറ്റേണ്ടി വരും. അതിനുള്ള സാധ്യത വിരളമാണ്.
അതേ സമയം പകുതി കാലയളവില്‍ മന്ത്രി സ്ഥാനം വേണ്ടെന്നു മാണി സി കാപ്പനും അനൂപ് ജേക്കബും നിലപാട് ഉറപ്പിച്ചു. 7 അംഗങ്ങളുള്ള ജോസഫ് ഗ്രൂപ്പിന് രണ്ടു മന്ത്രിസ്ഥാനം വേണമെന്ന് അഭിപ്രായപ്രകടനവും തുടരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page