തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വീണ്ടും വിവാദം ഉയരുന്നു. വൈദ്യുതി വകുപ്പാണ് തനിക്ക് അനുവദിക്കുന്നതെങ്കിൽ മന്ത്രിയാവാൻ താനില്ലെന്ന് മുരളീധരൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു . മുഖ്യമന്ത്രിയാവാൻ ശ്രമിച്ചു പരാജയപ്പെട്ട എഐസിസി ജന. സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാൽ തന്റെ കൂട്ടക്കാരെ മന്ത്രിമാരാക്കുകയും പ്രധാന വകുപ്പുകൾ അവർക്ക് ഏൽപ്പിച്ചു കൊടുക്കുകയും ആയിരുന്നു എന്ന് ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളിൽ കെസി ഗ്രൂപ്പ് ,വി ഡി ഗ്രൂപ്പിനെയും ആർ .സി ഗ്രൂപ്പിനെയും ഗ്രൂപ്പുകളിൽ നിന്ന് അകന്നു നിൽക്കുന്ന കെ മുരളീധരനെയും അപ്രസക്ത വകുപ്പ് നൽകി ഒതുക്കുകയായിരുന്നു എന്നും ആരോപണം ഉണ്ട് .നേരത്തെ ആരോഗ്യ വകുപ്പാണ് മുരളിക്ക് തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അതു് കെ. സി ഗ്രൂപ്പ് ക്യാപ്റ്റൻ എ പി അനിൽകുമാറിന് പ്രഖ്യാപിക്കുകയായിരുന്നു .ഇതാണ് കെ മുരളീധരനെ ചൊടിപ്പിച്ചത്. അനൂപ് ജേക്കബും മാണി സി കാപ്പനും ഇടഞ്ഞു തന്നെ മന്ത്രിസഭയിലെ ചെറു പാർട്ടികളായ കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബിനും കെ ഡി പി യിലെ മാണി സി കാപ്പനും മന്ത്രിസ്ഥാനം രണ്ടര കൊല്ലം വീതം പങ്കുവയ്ക്കാനുള്ള കോൺഗ്രസ് നിർദ്ദേശവും എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. മുന്നണിയിലെ മറ്റൊരു പാർട്ടിയോടും ഇല്ലാത്ത ഈ വിവേചനത്തെ എതിർക്കുമെന്ന് അവരും മുന്നറിയിച്ചിട്ടുണ്ട്. തങ്ങൾക്ക് കോൺഗ്രസ് നേതാക്കൾ നേരത്തെ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് അവർ ആവർത്തിച്ചാവശ്യപ്പെട്ടു. അതേസമയം കോൺഗ്രസിന്റെ പ്രധാന നേതാക്കളായ ചാണ്ടി ഉമ്മനും, വി.ടി. ബലറാമിനും , മാത്യു കുഴൽ നാടനും മന്ത്രിസ്ഥാനംനൽകാത്തത് കോൺഗ്രസുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സിപിഎമ്മിൽ നിന്ന് രാജിവെച്ച് യുഡിഎഫ് പിന്തുണയോടെ സിപിഎമ്മിനെതിരെ മത്സരിച്ച് സിപിഎം കോട്ടകളായ പയ്യന്നൂർ, തളിപ്പറമ്പ് ,അമ്പലപ്പുഴ മണ്ഡലങ്ങളിൽ വിജയിച്ച ഒരാളെപ്പോലും മന്ത്രിയാക്കാതിരുന്നതും ആർ.എം.പി.നേതാവ് രമയെയും മന്ത്രി സ്ഥാനത്തുനിന്ന് തഴഞ്ഞതും ആത്മാർത്ഥതയുള്ള കോൺഗ്രസുകാരെ അസ്വസ്ഥരാക്കുന്നുണ്ട്.യു.ഡി എഫിനു വൻ ഭൂരിപക്ഷം ഉറപ്പാക്കുന്നതിൽ ഇവരുടെ നിലപാട് വലിയ സംഭാവന നൽകിയിട്ടുണ്ടെന്നു പൊതുവെ കരുതുന്നു.







