കൊല്ലം: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. കുളത്തുപ്പുഴയിലെ അജീഷാണ് ഭാര്യ അശ്വതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അജീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. പരിക്കേറ്റ അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുവര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയാണ്. കുടുംബ പ്രശ്‌നങ്ങളാണ് വധശ്രമത്തിന് പിന്നിലെന്നാണ് വിവരം.
ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകാനായി ഓട്ടോറിക്ഷ കാത്തു നില്‍ക്കുകയായിരുന്ന അശ്വതിയെ സുഹൃത്തിനോടൊപ്പം ബൈക്കില്‍ എത്തിയ അജീഷ് മര്‍ദ്ദിക്കുകയും കയ്യിലിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് നേരെ കുത്തുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അശ്വതി ഒഴിഞ്ഞുമാറിയെങ്കിലും പുറത്ത് കുത്തേറ്റു. കുളത്തുപ്പുഴ പൊലീസ് അശ്വതിയുടെ മൊഴി രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ അജീഷിനെ റിമാന്‍ഡ് ചെയ്തു.







