വന്‍കിട സമാന്തര ലോട്ടറി തട്ടിപ്പ് സംഘത്തിലെ പ്രധാനി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; തട്ടിപ്പിന്റെ മുഴുവന്‍ തെളിവുകളും പിടിച്ചെടുത്തു

കുമ്പള: കുമ്പള, ബന്തിയോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു വന്‍തോതില്‍ സമാന്തര ലോട്ടറി കച്ചവടം നടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
ബന്തിയോട്ടെ മഞ്ജുനാഥ, മകന്‍ കിഷന്‍ കുമാര്‍, കുമ്പള കോയിപ്പാടി ശാന്തിപ്പള്ളത്തെ സരണ്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു സമാന്തര ലോട്ടറിയുടെ നമ്പരുകള്‍ എഴുതിയ കടലാസുതുണ്ടുകള്‍, അവ വില്‍പ്പന നടത്തിയ 6280 രൂപ, രണ്ടു മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. സമാന്തര ലോട്ടറി ഇടപാടുകാരുടെ പേരുകളും അവര്‍ എടുത്ത സമാന്തര ലോട്ടറി നമ്പറുകളും വാങ്ങിയ തുണ്ടുകളുടെ എണ്ണവും മറ്റും ഫോണുകളിലെ പ്രത്യേക ആപ്പുകളില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ കുമ്പള എസ്‌ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘം ബന്തിയോട്ടെത്തിയത്. അവിടെ പെര്‍മുദെ റോഡ് ജംഗ്ഷനിലുണ്ടായിരുന്ന മഞ്ജുനാഥ, കിഷന്‍ കുമാര്‍ എന്നിവരുടെ അടുത്തേക്ക് ഒരാള്‍ എത്തുകയും എന്തോ സംസാരിച്ച ശേഷം രൂപ നല്‍കി പകരം കടലാസ് തുണ്ടു വാങ്ങി പോകാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടയില്‍ പൊലീസ് വാഹനം അവര്‍ക്കടുത്തെത്തുകയും ചെയ്തു. ഈ സമയം കടലാസ് തുണ്ടു വാങ്ങിയ ആള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മഞ്ജുനാഥനോടും കിഷന്‍ കുമാറിനോടും പലതും ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്ന് ദേഹപരിശോധന നടത്തിയതില്‍ നിന്നു കിഷോറില്‍ നിന്ന് ഒരു ഫോണും രൂപയും അക്കങ്ങള്‍ എഴുതിയ കടലാസ് തുണ്ടുകളുമടങ്ങിയ ബാഗും കണ്ടെടുത്തു. അവയില്‍ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും സമാന്തര ലോട്ടറി ഇടപാടാണെന്നു ബോധ്യപ്പെട്ട പൊലീസ് വീണ്ടും ഫോണില്‍ നടത്തിയ പരിശോധനയിലാണ് സമാന്തര ലോട്ടറി തട്ടിപ്പ് സംഘം തലവന്‍ ശാന്തിപ്പള്ളം സ്വദേശി സരണ്‍ കുമാറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനില്‍ എത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ അനധികൃത സമാന്തര ലോട്ടറി ചൂതാട്ടങ്ങള്‍ വന്‍തോതില്‍ നടക്കാറുള്ളതായി പരാതിയുണ്ട്. കേരള ലോട്ടറിയുടെ ഓരോ ദിവസത്തേയും നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന സംഖ്യയുടെ അവസാനത്തെ നാലക്കങ്ങള്‍ ഇവരില്‍ നിന്ന് എടുക്കുന്ന കടലാസ് തുണ്ടിലെ അക്കങ്ങളില്‍ വരുന്നവര്‍ക്ക് 5000 രൂപ നല്‍കും. ഇതു പോലെ മറ്റു സമ്മാനങ്ങളുമുണ്ട്. ഒരു സമാന്തര ലോട്ടറി കടലാസ് തുണ്ടു നമ്പറിന് സഹായ വിലയാണ്-ഒന്നിനു പത്തു രൂപ. ദിവസവും ലക്ഷക്കണക്കിനു രൂപയാണ് സംഘം ഇത്തരത്തില്‍ തട്ടിപ്പാക്കുന്നതെന്ന് ആരോപണമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page