ന്യൂയോര്‍ക്ക്: ഹൃദയ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്നതിനിടെ സുഖവിവരം അന്വേഷിച്ച് ശല്യപ്പെടുത്തിയ ഭര്‍ത്താവിനെ യുവതി വെടിവച്ച് കൊന്നു. യുഎസില്‍ കഴിഞ്ഞദിവസമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അലബാമയിലെ റസ്സല്‍വില്ലില്‍ താമസിക്കുന്ന ഷേരി മിച്ചല്‍ ക്ലട്ട്‌സ് (65) ആണ്, 15 വര്‍ഷമായി തനിക്കൊപ്പം കഴിയുന്ന ഭര്‍ത്താവ് തിമോത്തി ക്ലട്ട്‌സിനെ (69) വെടിവച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം ഷേരി തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞത്. ഭര്‍ത്താവ് തനിക്ക് ഭീഷണിയാണെന്നും അയാളുടെ സാന്നിധ്യം തന്നെ അസ്വസ്ഥയാക്കുന്നുവെന്നുമാണ് ഇവര്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ ആദ്യം പറഞ്ഞത്. തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലയ്ക്കുള്ള യഥാര്‍ത്ഥ കാരണം ഇവര്‍ തുറന്നുപറഞ്ഞത്.
കൊലപാതക വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ ലിവിംഗ് റൂമിലെ ചാരുകസേരയില്‍ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ കിടക്കുകയായിരുന്നു തിമോത്തി. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ഷേരി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു, കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു അവരെന്നു പൊലീസ് പറഞ്ഞു.
രണ്ടാഴ്ച മുന്‍പാണ് ഷേരി ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയയായത്. തുടര്‍ന്ന് മുറിയില്‍ വിശ്രമിക്കുകയായിരുന്ന തന്റെ അരികിലേക്ക് ഭര്‍ത്താവ് ഇടയ്ക്കിടെ വന്ന് കാര്യങ്ങള്‍ തിരക്കുന്നത് തന്നെ അലോസരപ്പെടുത്തിയെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ഷേരി ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിച്ചു. അതിനായി കൈത്തോക്കുമായി അയാള്‍ മുറിയിലേക്ക് വരുന്നതും കാത്തിരുന്നു. എന്നാല്‍, ഏറെ നേരമായിട്ടും തിമോത്തി മുറിയിലെത്തിയില്ല. ഇതോടെ ഷേരി തോക്കുമായി ഭര്‍ത്താവിനെ തിരഞ്ഞ് നടക്കുകയായിരുന്നു. ഒടുവില്‍ ചാരുകസേരയില്‍ ഇരിക്കുന്ന ഭര്‍ത്താവിനെ കണ്ട ഷേരി അയാളുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു.
സാധാരണ കേസുകളില്‍ പ്രതികളെ കണ്ടെത്താനും തെളിവുകള്‍ ശേഖരിക്കാനും പൊലീസ് ഏറെ പ്രയാസപ്പെടാറുണ്ട്. എന്നാല്‍, ഈ കേസില്‍ പ്രതി കൊലപാതകം ചെയ്തുവെന്ന് സമ്മതിച്ചത് നടപടി ക്രമങ്ങളെല്ലാം വേഗത്തിലാക്കി. സത്യം തുറന്നു പറഞ്ഞ പ്രതിയുടെ നടപടി തങ്ങളെ അത്ഭുതപ്പെടുത്തി. അവര്‍ക്കിടയില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. നിലവില്‍ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഷേരിയെ ഫ്രാങ്ക്‌ലിന്‍ കൗണ്ടി ജയിലില്‍ അടച്ചിരിക്കുകയാണ്.







