ഇങ്ങനെ ഒരനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? ഇല്ലെങ്കിൽ ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെ ഇരിക്കുക: ഒരു ട്രയിൻ യാത്രയുടെ അസുഖകരമായ അനുഭവം

ഈ അനുഭവം ഒരുപക്ഷേ നിങ്ങൾക്കുമുണ്ടായിക്കാണും. സംഭവം ഇങ്ങനെ. ഇന്നലെ ഉച്ചക്ക് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട ജനശതാബ്ദിയിൽ എറണാകുളത്ത് പോവാൻ ഞാൻ മിനിഞ്ഞാന്ന് (മെയ് 14) കൗണ്ടറിൽ ചെന്ന് ഭാര്യക്കായി ടിക്കറ്റ് റിസർവ് ചെയ്യുന്നു. ബുക്കിംഗ് മെസേജ് ഭാര്യയുടെ ഫോണിൽ വരികയും ചെയ്തു. വെയ്റ്റിംഗ് ലിസ്റ്റിലാണ്. എന്നാൽ യാത്ര തുടങ്ങാനാവുമ്പോഴേക്ക് ടിക്കറ്റ് കൺഫേമായി. എന്നാൽ തിരൂരിൽ വെച്ച് ടി.ടി.ഇ വന്നപ്പോഴാണ് സലീം (പുരുഷൻ) എന്നാണ് യാത്രക്കാരൻ്റെ പേരെന്നും ഒന്നുകിൽ ഇറങ്ങുകയോ 465 രൂപ ഫൈനടക്കുകയോ വേണമെന്നും ടി.ടി.ഇ ആവശ്യപ്പെട്ടത്. കള്ളട്ടിക്കറ്റാണ് , ആൾമാറാട്ടമാണ്, ഏജൻസിക്കാരോട് വാങ്ങിയതാണ് തുടങ്ങിയ കമൻ്റുകളും അയാൾ പാസാക്കിയത്രെ. എന്നാൽ “അങ്ങനെയെങ്കിൽ എൻ്റെ ഫോണിൽ മെസേജ് വരുമോ” എന്ന് പറഞ്ഞ് ടി.ടി.ഇക്ക് മെസേജ് കാണിക്കാൻ അവൾ ശ്രമം നടത്തിയെങ്കിലും ടി.ടി.ഇ നോക്കാൻ പോലും തയ്യാറായില്ല. മാത്രമല്ല കംപാർട്ട്മെൻ്റിലൂടെ പാസ് ചെയ്യുമ്പോഴൊക്കെ അയാൾ മറ്റ് യാത്രക്കാർ കേൾക്കെ കമൻ്റുകൾ തുടരുകയും ചെയ്തത്രെ. ടി.ടി.ഇ വിവരമറിയിച്ചതിനെതുടർന്ന് തൃശൂർ സ്റ്റേഷനിൽ മൂന്ന് പൊലീസുകാർ എത്തി. അവരോട് ടി.ടി.ഇ ഭാര്യയെ അവിടെ ഇറക്കാൻ പറഞ്ഞപ്പോൾ ‘തനിച്ചാണ് , മകളുടെ അസുഖവിവരത്തെ തുടർന്ന് പോവുകയാണ്, ഇറങ്ങിയാൽ ഞാൻ കുടുങ്ങിപ്പോവും’ എന്നൊക്കെ പറയുകയും ഫോണിലെ മേസേജ് പൊലീസുകാർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. ക്ലറിക്കൽ മിസ്‌റ്റേക്ക് ആവാമെന്ന് പറഞ്ഞ പൊലീസുകാർ ഭാര്യയോട് യാത്ര തുടരാൻ പറഞ്ഞു. തുടർന്നും ടി.ടി ഇ വന്ന് സംസാരം തുടർന്നപ്പോൾ അവൾ എന്നെ വിവരമറിയിച്ചു. എന്നോട് തെറ്റിപ്പോയോ എന്ന ശങ്കയിൽ ഞാനുടനെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അവിടെയെത്തി റിസർവേഷൻ ഓഫീസറോട് വിവരം പറഞ്ഞു . അദ്ദേഹം അപേക്ഷാ ഫോം പരിശോധിച്ചപ്പോൾ അതാ കിടക്കുന്നു കാപിറ്റൽ ലെറ്ററിൽ SALEENA (F) എന്ന്. ബന്ധപ്പെട്ട ക്ലാർക്കിൻ്റെ കടുത്ത അശ്രദ്ധയാണ് അത് Saleem (M) എന്നാ ക്കിയത്. വണ്ടി എറണാകുളം ജംഗ്ഷനിൽ എത്തും മുമ്പ് വിവരം ഭാര്യയെ അറിയിച്ചു. എന്നാൽ ഇക്കാര്യം ടി.ടി.ഇ യെ അറിയിച്ചിട്ടും അതൊന്നും തനിക്ക് കേൾക്കണ്ട മുകളിലേക്ക് റിപ്പോർട്ട് ചെയ്യുകയാണ് എന്ന മറുപടിയാണ് നൽകിയത്. ഏതായാലും ഞാൻ ഇക്കാര്യം ചുണ്ടിക്കാട്ടി സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയിട്ടുണ്ട്. ഭാര്യ വേറെയും പരാതി നൽകുന്നുണ്ട്. ഓഫ്‌ലൈനായി എടുക്കുന്ന ടിക്കറ്റിൽ യാത്രക്കാരുടെ പേര് എഴുതില്ല. M എന്നാണോ F എന്നാണോ എഴുതിയതെന്ന് നോക്കിക്കൊള്ളണമെന്നുമില്ല. ഇക്കാര്യത്തിൽ പക്ഷേ റെയിൽവെ അധികൃതർക്ക് ചിലത് ചെയ്യാനാവും. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാരെ കുറ്റപ്പെടുത്തി ഇറക്കി വിടുന്നതിനും ഫൈൻ അടപ്പിക്കുന്നതിനും മുമ്പ് ബന്ധപ്പെട്ട റിസർവേഷൻ കൗണ്ടറിൽ വിളിച്ച് കൺഫേം ചെയ്യിക്കാൻ ഇക്കാലത്ത് ഏതാനും നിമിഷങ്ങൾ മാത്രം മതി. യാത്രക്കാർ സ്ത്രീകളാവുമ്പോൾ പ്രത്യേകിച്ചും, സ്ത്രീ തനിച്ചാവുമ്പോൾ അതിലേറെ പ്രത്യേകിച്ചും. കുറച്ചൊക്കെ കരുണ നല്ലതാണ്. റെയിൽവേയിലെ നല്ല തങ്കപ്പെട്ടവരും മുത്തുമണികളുമായ അനേകം ടി.ടി.ഇമാർക്ക് കളങ്കമുണ്ടാക്കാൻ ഇങ്ങനെ ഒരാൾ മതി.ഖാദർ, പാലാഴി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page