തിരുവനന്തപുരം: പെട്രോള്‍ അടിച്ച തുകയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പമ്പ് ജീവനക്കാരെ മദ്യപസംഘം മര്‍ദ്ദിച്ചതായി പരാതി. കുളത്തൂര്‍ ഇന്‍ഫോസിസ് കാമ്പസിന് സമീപത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. കാറിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കാറിലെത്തിയ സംഘം ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പെട്രോള്‍ അടിച്ചതായി ജീവനക്കാര്‍ പറഞ്ഞു. പെട്രോള്‍ അടിച്ചശേഷം പണം ആവശ്യപ്പെട്ടപ്പോള്‍ എത്ര രൂപയ്ക്കാണ് പെട്രോള്‍ അടിച്ചതെന്ന കാര്യത്തില്‍ കാറിലുള്ളവര്‍ തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ജീവനക്കാരനോട് എത്ര രൂപയ്ക്കാണ് പെട്രോള്‍ അടിച്ചതെന്നു സംഘം ചോദിച്ചു. തുക പറഞ്ഞപ്പോള്‍ തൃപ്തരാകാത്ത സംഘം പമ്പ് ജീവനക്കാരനെ തെറി വിളിക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ കാറില്‍ നിന്നിറങ്ങി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തിനിടെ അക്രമിയുടെ മുഖത്തേക്ക് പെട്രോള്‍ വീണതോടെ വീണ്ടും മര്‍ദ്ദിച്ചു.
ഇതുകണ്ട് പമ്പിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ അക്രമികളെ ചോദ്യം ചെയ്തു. ഇതോടെ അയാളെയും സംഘം മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പമ്പ് ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറി.







