മാലിദ്വീപില്‍ കടലിനടിയിലെ ഗുഹയില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ 5 ഇറ്റാലിയന്‍ ഗവേഷകര്‍ മരിച്ചു

മാലി: മാലിദ്വീപില്‍ കടലിനടിയിലെ ഗുഹയില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ അഞ്ച് ഇറ്റാലിയന്‍ ഗവേഷകര്‍ മരിച്ചു. വ്യാഴാഴ്ച മാലിദ്വീപിലെ അണ്ടര്‍വാട്ടര്‍ ഗുഹയില്‍ പര്യവേക്ഷണം നടത്തുന്നതിനിടെയാണ് അപകടം. ഓക്‌സിജന്‍ വിഷബാധയാകാം കാരണമെന്ന് അധികൃതര്‍ സംശയിക്കുന്നു.

മോണിക്ക മോണ്ടെഫാല്‍കോണ്‍, ജോര്‍ജിയ സോമാക്കല്‍, ഫെഡറിക്കോ ഗ്വാള്‍ട്ടിയേരി, മുറിയല്‍ ഒഡെനിനോ, ജിയാന്‍ലൂക്ക ബെനെഡെറ്റി എന്നിവരാണ് മരിച്ചതെന്ന് മാലിദ്വീപ് സര്‍ക്കാര്‍ അറിയിച്ചു. അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ ഒരു മൃതദേഹം മാത്രമാണ് പുറത്തെടുത്തത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ മോശം കാലാവസ്ഥ തടസ്സമായെന്ന് അധികൃതര്‍ അറിയിച്ചു.

50 മീറ്റര്‍ താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന വാവു അറ്റോളിലെ അണ്ടര്‍വാട്ടര്‍ ഗുഹകള്‍ പര്യവേഷണം ചെയ്യാനിറങ്ങിയ ഗവേഷകരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ നാലുപേര്‍ ജെനോവ സര്‍വകലാശാലയിലുള്ളവരാണ്. അഞ്ചാമനായ ബെനഡെറ്റി, ഡ്യൂക്ക് ഓഫ് യോര്‍ക്കില്‍ ബോട്ട് ഓപ്പറേഷന്‍സ് മാനേജരാണ്. ഇദ്ദേഹത്തിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഗുഹയുടെ പ്രവേശന കവാടത്തിനടുത്തുനിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഗുഹയ്ക്കുള്ളിലുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

തിരച്ചില്‍ പ്രവര്‍ത്തനത്തില്‍ എട്ട് മുങ്ങല്‍ വിദഗ്ധര്‍ പങ്കെടുത്തതായി മാലിദ്വീപ് പ്രസിഡന്റിന്റെ വക്താവ് മുഹമ്മദ് ഹുസൈന്‍ ഷരീഫ് പറഞ്ഞു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരച്ചില്‍ പുനരാരംഭിച്ചാല്‍ രണ്ട് ഇറ്റാലിയന്‍ ഡൈവിംഗ് വിദഗ്ധര്‍ കൂടി ഇവര്‍ക്കൊപ്പം പങ്കാളികളാകുമെന്നു മുഹമ്മദ് ഹുസൈന്‍ ഷരീഫ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page