ബദിയഡുക്കയിലും പാറ്റകള്‍ ഇറങ്ങാന്‍ സാധ്യത: കുടിവെള്ളത്തില്‍ മലിനജലം ഇറക്കി വിടുന്ന ആള്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍

ബദിയഡുക്ക: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ ക്വാര്‍ട്ടേഴ്സുകളിലെ മലിന ജലം തൊട്ടടുത്ത വീട്ടുകാര്‍ക്കു കുടിക്കാനായി.
പരിശുദ്ധമായിരുന്ന കിണര്‍ വെള്ളം കുടിച്ചിരുന്നവര്‍ക്ക് വര്‍ഷങ്ങളായി വെള്ളത്തിന്റെ രുചിയില്‍ വ്യത്യാസമനുഭവപ്പെട്ടതിനെ തുടര്‍ന്ന് കളക്ടറേറ്റിലും പഞ്ചായത്തിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിലും പരാതി കൊടുത്തു. കുടിവെള്ളത്തില്‍ മലിന ജലം കലരുന്നുണ്ടെന്ന സംശയം അറിയിക്കുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ കിണറ്റിലെ വെള്ളം ശേഖരിച്ചു പരിശോധിച്ച് ആ വെള്ളം കുടിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
‘ആ വെള്ളം കുടിക്കരുത്. വെള്ളത്തില്‍ ജൈവമാലിന്യത്തിന്റെ തോത് അപകടനിലയിലുണ്ട്. കിണര്‍ വൃത്തിയാക്കി അണുനശീകരണം നടത്തി ഗുണനിലവാരം വീണ്ടും പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ ആ വെള്ളം കുടിക്കാവൂ’ എന്ന് കിണറുടമ 2025ല്‍ കൊടുത്ത പരാതിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2026ല്‍ മറുപടി കൊടുത്തു.
പരാതിയില്‍ പറഞ്ഞ ബദിയഡുക്ക അപ്പര്‍ ബസാറിലെ താജ് അപ്പാര്‍ട്ട്മെന്റിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കാനും മലിനജലം ഒരു കാരണവശാലും പുറത്തേക്ക് ഒഴുകാന്‍ പാടില്ലെന്നും ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കിണറിന്റെ ഉടമയും പരാതിക്കാരനുമായ മുഹമ്മദ് സുഹൈബിനെ എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ രേഖാമൂലം അറിയിക്കുകയും ചെയ്തു.

ക്വാര്‍ട്ടേഴ്സ് ഉടമക്ക് നല്‍കിയ താക്കീത് കടലാസ് പൃഷ്ടം തുടച്ച് വലിച്ചെറിഞ്ഞെന്ന് നാട്ടുകാര്‍ പറയുന്നു. അതോടെ മലിനീകരണ നിയന്ത്രണ ബോഡിന് ആശ്വാസമാവുകയും ചെയ്തു.
അതിന് ശേഷം കുറച്ച് കാലം ക്വാര്‍ട്ടേഴ്സിനു മുന്നിലെ റോഡില്‍ മലിന ജലം പമ്പ് ചെയ്തു വിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി വരെ ഒരു ദുര്‍ഗന്ധവുമില്ലാത്ത റോഡില്‍ രാവിലെ മൂക്കു പൊത്താതെ നടക്കാന്‍ കഴിയാത്ത അവസ്ഥയായി. അതിനെക്കുറിച്ച് മുറുമുറുപ്പയര്‍ന്നതോടെ വീണ്ടും മലിനജലം കിണറിനടുത്തേക്ക് തുറന്നു വിടാന്‍ തുടങ്ങിയെന്നു പറയുന്നു. മാത്രമല്ല ഇതിനിടയില്‍ ക്വാര്‍ട്ടേഴ്സ് ഉടമയെ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തന്നെയാക്കിയെന്നും പറയുന്നു. പോരെ? ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ ഇതില്‍പ്പരം ഇനി എന്ത് വേണം?
പാര്‍ട്ടികളുടെയും പഞ്ചായത്തുകളുടെയും ഭരണാധികാരികളുടെയും ജനാധിപത്യത്തിന്റെയും അവസ്ഥയോര്‍ത്ത് ബദിയഡുക്കയിലെ സാധാരണ ജനങ്ങള്‍ വിലപിക്കുന്നു. എന്ത് അവസ്ഥ? പക്ഷെ, ബദിയഡുക്കയിലെ ഒരു പാര്‍ട്ടിക്കാര്‍ക്കും ഇതൊരു പ്രശ്നമേ അല്ല. അതിനിടയില്‍ ഈ കിണറ്റില്‍ നിന്ന് വെള്ളമെടുത്തു കുടിക്കുന്ന സമീപത്തെ പല വീടുകളിലൊന്നിലെ ഒരംഗത്തിന് വയറിളക്കം ബാധിച്ചിട്ടുണ്ടെന്നും പറയുന്നു.

നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന്റെ പ്രതിസന്ധി ഇന്നലെ ബദിയഡുക്ക ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ അവിടെയെത്തിയ പരാതിക്കാരന്‍ അവതരിപ്പിച്ചു. ഇവിടെ ഇപ്പോള്‍ മീറ്റിങ്ങു നടക്കുകയാണെന്ന് ഏതോ ഒരു പഞ്ചായത്ത് അംഗം പറഞ്ഞപ്പോള്‍ എന്തിനാണ് നിങ്ങള്‍ മീറ്റിങ്ങു കൂടുന്നതെന്നു അയാള്‍ തിരിച്ചു ചോദിക്കുന്നതിന്റെ വീഡിയോ ചൂടപ്പം പോലെ പ്രചരിച്ചു കൊണ്ടിരിക്കുന്നു. വര്‍ഷങ്ങളായി എത്ര പരാതി തന്നു. അതില്‍ നിങ്ങള്‍ എന്തു ചര്‍ച്ച ചെയ്തു. ഏതുകാര്യം നടപ്പാക്കി. ജനദ്രോഹികളെ ജനപ്രതിനിധികള്‍ പേടിക്കുകയാണോ തുടങ്ങി സാധാരണക്കാരുടെ നാവിന്‍ തുമ്പത്തു ജനപ്രതിനിധകളെക്കുറിച്ചും ഭരണാധികാരികളെക്കുറിച്ചും പാര്‍ട്ടിക്കാരെ കുറിച്ചും പറയാന്‍ മുട്ടി നില്‍ക്കുന്ന ചോദ്യങ്ങളൊക്കെ അയാള്‍ ചോദിച്ചു. ദീര്‍ഘകാല പഞ്ചായത്ത് മെമ്പറും പ്രസിഡന്റുമൊക്കെയായിരുന്ന മാഹിന്‍ കേളോട്ട് ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികളുടെ ജനപ്രതിനിധികള്‍ അതുകേട്ടു പഞ്ചപുഛമടക്കിയിരുന്നു.

ജില്ലാ കളക്ടര്‍, പൊലീസ് സൂപ്രണ്ട്, ബദിയഡുക്ക പഞ്ചായത്ത് മലിനീകരണ നിയന്ത്രണ ബോഡ് തുടങ്ങി ഒരു സാധാരണക്കാരന് നീതിക്കുവേണ്ടി എത്താവുന്നിടത്തൊക്കെ പരാതിക്കാരന്‍ എത്തിയിരുന്നു.
പക്ഷേ, നടപടിയില്ല. എതിര്‍കക്ഷി പണക്കാരനും ക്വാര്‍ട്ടേഴ്‌സ് ഉടമയും പാര്‍ട്ടി നേതാവും ഭരണാധികാരിയുമായതുകൊണ്ടാണോ നിയമത്തിനു ബുദ്ധിമുട്ടാവുന്നതെന്നു നാട്ടുകാര്‍ ചോദിക്കുന്നുണ്ട്. നാട്ടിലൊക്കെ പാറ്റകളെ ഇറക്കിവിടാന്‍ ഭരണക്കാരും പാര്‍ട്ടിക്കാരും നാട്ടുകാരുടെ പണം കൊണ്ടു ശമ്പളവും മറ്റാനുകൂല്യങ്ങളും വാങ്ങി തിന്നുന്നവരും ശ്രമിക്കരുതെന്നു ഇത്തരം സംഭവങ്ങള്‍ മുന്നറിയിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page