ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പത്തനംതിട്ട: ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തിരുവല്ല- കായംകുളം സംസ്ഥാന പാതയില്‍ കാവുംഭാഗം അമ്പിളി പാലത്തില്‍ ഇന്നലെ രാത്രി നടന്ന അപകടത്തില്‍ തിരുവല്ല വെണ്‍പാല തൊഴുവത്തുംതറ വീട്ടില്‍ ടി.ജി രാജഗോപാലന്റേയും കുറ്റൂര്‍ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സ്മിത രാജഗോപാലിന്റേയും മകന്‍ ഗോവിന്ദ രാജ്(23) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ കോളജിലെ എംകോം വിദ്യാര്‍ത്ഥിയായ ഗോവിന്ദ രാജ് എടത്വാ പള്ളി പെരുന്നാള്‍ കാണാനാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തിരുവല്ല ഭാഗത്തുനിന്നെത്തിയ ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു. ബൈക്കില്‍ നിന്ന് 15 അടിയോളം ദൂരത്തില്‍ തെറിച്ചുവീണ ഗോവിന്ദ രാജ് തോട്ടിലെ വെള്ളത്തില്‍ മുങ്ങി. ശബ്ദം കേട്ടെത്തിയ പരിസരവാസികള്‍ തെരച്ചില്‍ നടത്തിയെങ്കിലും ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും അഗ്നരക്ഷാസേനയും നടത്തിയ തെരച്ചിലില്‍ തോട്ടിലെ വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്നനിലയില്‍ ഗോവിന്ദിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page